ഓക്സിജൻ കിട്ടാക്കനി; ഈ യൂ.പി ഗ്രാമത്തിൽ കോവിഡ് ചികിത്സ വേപ്പുമരച്ചുവട്ടിൽ
text_fieldsലഖ്നോ: ഓക്സിജൻ ക്ഷാമം ഏറെയായി വലക്കുന്ന ഉത്തർ പ്രദേശിലെ ഒരു ഗ്രാമം കോവിഡ് വ്യാപനത്തിൽ വഴികളടഞ്ഞപ്പോൾ കണ്ടെത്തിയത് പുതിയ മാർഗം. ആശുപത്രിയോ ഡോക്ടറോ ഒന്നുമില്ലാത്ത മെവ്ല ഗോപാൽഗഢിലാണ് നാടൊന്നിച്ച് അസാധാരണ നടപടിയിലേക്ക് നീങ്ങിയത്.
ഇവിടെ രോഗികളായവർക്കായി മരച്ചുവട്ടിൽ കട്ടിലുകൾ ഒരുക്കിയിട്ടുണ്ട്. ഗ്ലൂക്കോസ് ഡ്രിപ്പുകൾ മരച്ചില്ലയിൽ തൂങ്ങിക്കിടപ്പുണ്ടാകും. രോഗി കട്ടിലിൽ വിശ്രമിക്കുേമ്പാൾ സമീപത്ത് കാലികൾ മേയുമെങ്കിലും അവർ പ്രശ്നക്കാരല്ല.
വേപ്പുമരച്ചോട്ടിൽ കിടന്നാൽ ശരീരത്തിലെ ഓക്സിജൻ ലഭ്യത കൂടുമെന്നാണ് ഇവരുടെ വിശ്വാസം. ശരിയെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ലെങ്കിലും തുറക്കപ്പെടാൻ ആശുപത്രി കവാടങ്ങളില്ലാത്ത കാലത്തോളം ഇവർക്കുമുമ്പിൽ അതല്ലാതെ മാർഗമില്ല.
നിരവധി പേരാണ് ഗ്രാമത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. സമീപ പട്ടണത്തിൽ ആശുപത്രിയുണ്ടെങ്കിലും ഒഴിവില്ല. ഇതിൽപിന്നെ, വേപ്പുമരച്ചോട്ടിൽ താത്കാലിക ചികിത്സക്ക് നാട്ടുകാർ തീരുമാനിക്കുകയായിരുന്നു.
ഉത്തർ പ്രദേശിൽ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഗ്രാമങ്ങളിൽ രോഗം അതിവേഗം പടരുന്നതാണ് വലിയ ഭീഷണി. ഇവിടങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പോലുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.