മൂന്നാം യു.പി.എ സർക്കാർ ഏറെ സാധ്യതയുള്ളത് -കപിൽ സിബൽ
text_fieldsന്യൂഡൽഹി: 2024ൽ മൂന്നാം യു.പി.എ സർക്കാർ ഏറെ സാധ്യതയുള്ള ഒന്നാണെന്നും അങ്ങനെ സംഭവിക്കണമെങ്കിൽ പ്രതിപക്ഷ പാർട്ടികൾക്ക് ഒരേ ഉദ്ദേശ്യവും അതിനൊത്ത അജണ്ടയും ഉണ്ടാവണമെന്നും മുതിർന്ന രാഷ്ട്രീയ നേതാവ് കപിൽ സിബൽ എം.പി. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ സ്ഥാനാർഥികളെ നിർത്തുമ്പോൾ പരസ്പര കൊടുക്കൽ വാങ്ങലിന് പാർട്ടികൾ തയാറാവണമെന്നും സിബൽ ചൂണ്ടിക്കാട്ടി. പൊതു മിനിമം പരിപാടി പ്രഖ്യാപിക്കുകയല്ല, ഇന്ത്യക്കു വേണ്ടി പുതിയ വീക്ഷണം അവതരിപ്പിക്കുകയാണ് വേണ്ടതെന്നും പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആതിഥേയത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗം ജൂൺ 23ന് പട്നയിൽ നടക്കാനിരിക്കെയാണ്, പ്രതിപക്ഷ നിരക്ക് ആവേശം പകരുന്ന നിരീക്ഷണവുമായി മുൻ കോൺഗ്രസ് നേതാവു കൂടിയായ സിബൽ രംഗത്തുവന്നത്.
ബി.ജെ.പിയെ തോൽപിക്കാനാകുമെന്ന് കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തെളിയിച്ചെന്നും എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പ് മറ്റൊരു പോരാട്ടമാണെന്നും അദ്ദേഹം വിശദീകരിച്ചു.
‘‘നരേന്ദ്ര മോദിക്കെതിരെയല്ല, അദ്ദേഹം സ്ഥാപിക്കാൻ ശ്രമിക്കുന്ന ആശയത്തെയാണ് നാം എതിർക്കേണ്ടത്. ഒറ്റ ലക്ഷ്യവും അതിനൊത്ത നയപരിപാടികളുമുണ്ടെങ്കിൽ യു.പി.എ-3 യാഥാർഥ്യമാകും. ഒരേ സീറ്റിൽ ഒന്നിലേറെ പാർട്ടികൾ പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ ടിക്കറ്റ് വിതരണത്തിൽ ഏറെ കൊടുക്കൽ വാങ്ങലുകൾ വേണ്ടിവരും.’’ - സിബൽ നിരീക്ഷിച്ചു. അങ്ങനെ ചെയ്താൽ സീറ്റ് പങ്കുവെക്കൽ അസാധ്യമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വേണ്ടത് ഒരു സമ്പൂർണ മാറ്റമാണെന്നും പൊതു മിനിമം പരിപാടിക്കു പകരം അത്തരമൊരു സന്ദേശമാണ് മുന്നോട്ടുവെക്കേണ്ടതെന്നും സിബൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.