സ്റ്റാലിനും എടപ്പാടിക്കും ജീവന്മരണ പോരാട്ടം
text_fieldsജയലളിതയുടെ വിയോഗം അണ്ണാ ഡി.എം.കെയിൽ സൃഷ്ടിച്ച നേതൃശൂന്യതയിലേക്ക് കടന്നുകയറിയ മോദിയുടെ അഭിമാനപ്രശ്നമാണ് തമിഴ്നാട്ടിൽ സഖ്യത്തിെൻറ വിജയം. അതിലേറെ എടപ്പാടിയുടെ നിലനിൽപ്പിെൻറ വിഷയവും. ജയയുടെ മരണശേഷം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സി.ബി.െഎ പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി അണ്ണാ ഡി.എം.കെ നേതാക്കളെ വരുതിയിൽ നിർത്താൻ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞു. പാർലമെൻറിൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിരവധി ബില്ലുകൾ പാസാക്കിയത് അണ്ണാ ഡി.എം.കെയുടെ സഹായത്തോടെയായിരുന്നു.
ജയിലിൽ പോകുന്നതിനു മുമ്പ് ശശികല മുഖ്യമന്ത്രിപദം വിശ്വസ്തനായ എടപ്പാടി പളനിസാമിയെയാണ് ഏൽപിച്ചത്. അവരുടെ കാലിൽ സ്രാഷ്ടാംഗം പ്രണമിച്ച് മുഖ്യമന്ത്രിയായ എടപ്പാടി അവരെ പാർട്ടിയിൽനിന്നുതന്നെ പുറത്താക്കി സ്വന്തംനില ഭദ്രമാക്കി. എതിരാളിയായ ഒ. പന്നീർസെൽവത്തെ ഒതുക്കി കൂടെനിർത്താനും എടപ്പാടിക്ക് കഴിഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഭരണ സ്വാധീനം തെരഞ്ഞെടുപ്പിൽ പരമാവധി പ്രയോജനപ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കം.
എം.കെ. സ്റ്റാലിനെ കലൈഞ്ജർ കരുണാനിധിയുടെ നേരവകാശിയായി തമിഴ് മക്കൾ കരുതുന്നുവെന്ന് ഉറപ്പിക്കണമെങ്കിൽ ഡി.എം.കെ സഖ്യത്തിന് ജയിച്ചേ തീരൂ.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിെൻറ മാർഗനിർദേശങ്ങൾക്കനുസൃതമായി അടുക്കും ചിട്ടയോടുമുള്ള പ്രവർത്തനമാണ് അവരുടേത്. ശക്തമായ ഒാൺലൈൻ കാമ്പയിനുകളും തമിഴകം ഇന്നേവരെ കാണാത്ത പ്രചാരണ രീതികളും ഡി.എം.കെ കാഴ്ചവെക്കുന്നു. കനിമൊഴി, ഉദയ്നിധി സ്റ്റാലിൻ തുടങ്ങിയവരും ഇതിനകം ഒരു റൗണ്ട് പ്രചാരണം പൂർത്തിയാക്കി. മുന്നണി ബലവും ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയും അനുകൂലമാവുമെന്ന വിശ്വാസത്തിലാണ് ഡി.എം.കെ നേതൃത്വം. കരുണാനിധിയുടെ മൂത്തമകൻ എം.കെ. അഴഗിരി ഇടക്ക് കലാപമുയർത്തിയെങ്കിലും ഇപ്പോൾ നിശ്ശബ്ദനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.