മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകാനിടയില്ല; വരുന്ന തെരഞ്ഞെടുപ്പ് 'മോദിയും മോദിയും' തമ്മിലെന്ന് കപിൽ സിബൽ എം.പി
text_fieldsന്യൂഡൽഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മോദിയും മോദിയും തമ്മിലെന്ന് കപിൽ സിബൽ എം.പി. ഒമ്പതര വർഷം നീണ്ട മോദിയുടെ ഭരണം എന്താണെന്നും അദ്ദേഹം നൽകിയ വാഗ്ധാനങ്ങളും അതിൽ നടപ്പിലാക്കിയത് ഏതാണെന്നും കൃത്യമായി ജനങ്ങൾക്ക് അറിയാം. ഇനി വോട്ട് ചെയ്യുമ്പോൾ ജനങ്ങൾ പ്രതിപക്ഷ സ്ഥാനാർത്ഥിയെ അല്ല പരിഗണിക്കുക മറിച്ച് മോദിയുടെ തന്നെ ഭരണത്തിനെയാകുമെന്നും അദ്ദേഹം പറഞ്ഞു.
"2024ലെ തെരഞ്ഞെടുപ്പ് മോദിയും മോദിയും തമ്മിലാണെന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സാമ്പത്തിക വിദഗ്ധ രുചി ശർമ പറഞ്ഞിരുന്നു. കാരണം രണ്ട് ടേമിലും മോദി ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാം, ജനങ്ങൾ അതിനെ വിമർശിക്കും. ബി.ജെ.പിയുടെ ഭരണത്തെക്കുറിച്ചുള്ള സത്യാവസ്ഥ ജനങ്ങൾക്ക് നന്നായി അറിയാം. ദരിദ്രൻ ദരിദ്രനായി തുടരുകയാണ്. വിലക്കയറ്റം അതിന്‍റെ പാരമ്യതയിലെത്തി. ജീവിതത്തിന്‍റെ ഓരോ അറ്റവും കൂട്ടിമുട്ടിക്കാൻ സാധാരണക്കാരൻ പ്രയാസപ്പെടുകയാണ്.
ബി.ജെ.പിയുടെ പ്രവർത്തകർ പോലും പാർട്ടിയുടെ ഭരണത്തിലും നയത്തിലും അസംതൃപ്തരാണ്. ഇത്തവണയും മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കാനായില്ലെങ്കിൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകാനിടയില്ലെന്ന ഭയം പ്രതിപക്ഷത്തിനുണ്ട്. മോദി വീണ്ടും അധികാരത്തിലെത്തിയാൽ അവർ ഭരണഘടനയെ പൊളിച്ചെഴുതും"- കപിൽ സിബൽ പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 15 ലക്ഷത്തിന്‍റെ വാഗ്ധാനങ്ങൾ, വിലക്കയറ്റം, വിദ്യാഭ്യാസ മേഖലയുടെ ഗതി, ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ വിജയം എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും. സ്ത്രീശാക്തീകരണത്തിൽ കേന്ദ്രസർക്കാർ സ്വാകരിച്ച നയം, നടപടി, രാജ്യത്ത് ഉയർന്നുവരുന്ന വർഗീയ കലാപങ്ങൾ എന്നിവയും തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗസ്റ്റ് 26ന് വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ മൂന്നാമത് യോഗം നടക്കാനിരിക്കെയാണ് കപിൽ സിബലിന്‍റെ പരാമർശം. 26ന് നടക്കുന്ന യോഗത്തിൽ സഖ്യത്തിന്‍റെ ലോഗോ പ്രകാശനവും മോദിസർക്കാരിനെ താഴെയിറക്കാനുള്ള പദ്ധതികളെ കുറിച്ചും സഖ്യം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.