വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ധർമവും അധർമവും തമ്മിലുള്ള യുദ്ധം -സ്മൃതി ഇറാനി
text_fieldsന്യൂഡൽഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ വോട്ടുകളുടെ പോരാട്ടമല്ലെന്നും ധർമവും അധർമവും തമ്മിലുള്ള യുദ്ധമായിരിക്കുമെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. മധ്യപ്രദേശിൽ ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സനാതന ധർമ വിവാദത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രസംഗം.
'ബ്രിട്ടീഷുകാർ ഇവിടെ വരികയും പോവുകയും ചെയ്തു. മുഗൾ സാമ്രാജ്യം അവസാനിച്ചു. പക്ഷേ, സനാതന ധർമം അന്നും ഇന്നും ഇവിടെയുണ്ട്. നാളെയും ഇവിടെയുണ്ടാകും' -സ്മൃതി ഇറാനി പറഞ്ഞു.
സാധാരണ ഒരു തെരഞ്ഞെടുപ്പ് പോരാട്ടമല്ല വരാൻ പോകുന്നത്. സനാതന ധർമത്തെ തകർക്കാൻ ആഗ്രഹിക്കുന്നവർ സഖ്യമുണ്ടാക്കിയിരിക്കുന്നു. എന്നാൽ, ജീവിക്കുന്ന കാലത്തോളം സനാതന ധർമത്തെ സംരക്ഷിക്കുമെന്നാണ് ഞങ്ങളുടെ പ്രതിജ്ഞ. രാമന്‍റെ പേര് ഉയർത്തിക്കാട്ടുന്നവരും രാമൻ നിലനിന്നിരുന്നില്ലെന്ന് സത്യവാങ്മൂലം നൽകിയവരും തമ്മിലാണ് പോരാട്ടം -ഇറാനി പറഞ്ഞു.
ഗാന്ധി കുടുംബം മാധ്യമപ്രവർത്തകരെ പേടിക്കുന്നത് എന്തിനാണെന്ന് തനിക്കറിയില്ലെന്ന് അവതാരകരെ ബഹിഷ്കരിക്കാനുള്ള നീക്കത്തെ കുറിച്ച് മന്ത്രി പറഞ്ഞു. പ്രതിപക്ഷ സഖ്യം പേര് മാറ്റിയത് കൊണ്ട് കാര്യമില്ല. പേര് മാറ്റിയാൽ കുറുക്കൻ സിംഹമാവില്ലെന്നും സ്മൃതി ഇറാനി പരിഹസിച്ചു.
പക്ഷപാതപരമായി പെരുമാറുന്ന വാർത്താ അവതാരകരെ ബഹിഷ്കരിക്കാൻ ഇൻഡ്യ സഖ്യം തീരുമാനമെടുത്തിരുന്നു. ആജ് തക് എഡിറ്റർ സുധീർ ചൗധരി, റിപബ്ലിക് ടിവിയുടെ അർണബ് ഗോസ്വാമി ഉൾപ്പെടെയുള്ള 14 അവതാരകരെയാണ് ഇൻഡ്യ സഖ്യം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ഇവരുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
നവിക കുമാർ (ടൈംസ് നെറ്റ്‌വർക്ക്), അർണബ് ഗോസ്വാമി (റിപബ്ലിക് ടി.വി), അശോക് ശ്രീവാസ്തവ് (ഡി.ഡി ന്യൂസ്), അമൻ ചോപ്ര, അമീഷ് ദേവ്ഗൺ, ആനന്ദ് നരസിംഹൻ (ന്യൂസ്18), അതിഥി ത്യാഗി (ഭാരത് എക്‌സ്പ്രസ്), സുധീർ ചൗധരി, ചിത്ര തൃപാഠി (ആജ് തക്), റുബിക ലിയാഖത് (ഭാരത് 24), ഗൗരവ് സാവന്ത്, ശിവ് അരൂർ (ഇന്ത്യ ടുഡേ), പ്രാച്ഛി പ്രശാർ (ഇന്ത്യ ടി.വി), സുശാന്ത് സിൻഹ (ടൈംസ് നൗ നവഭാരത്) എന്നിവരുടെ പരിപാടികളാണ് സഖ്യ നേതാക്കൾ ബഹിഷ്‌കരിക്കുക. ഈ അവതാരകർ നയിക്കുന്ന ഒരു ചർച്ചയിലും ഇൻഡ്യ സഖ്യത്തിലെ ഒരു കക്ഷിയും പങ്കെടുക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.