വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്‍റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് സിദ്ധരാമയ്യ
text_fieldsബംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്‍റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. മേയിൽ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിർത്തിയാലും രാഷ്ട്രീയത്തിൽ സജീവമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കർണാടക നിയമസഭയുടെ കാലാവധി 2023 മെയ് 24നാണ് അവസാനിക്കുന്നത്.
കർണാടകയിലെ ബി.ജെ.പി സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നാരോപിച്ച് സിദ്ധരാമയ്യ അടുത്തിടെ രംഗത്തെത്തിയിരുന്നു. ബി.ജെ.പി സർക്കാറിനെ കൊണ്ട് സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്നു. വികസനമല്ല ദുർഭരണമാണ് നടക്കുന്നത്. അഴിമതിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമൈ അടക്കം പങ്കാളികളാണ്. അഴിമതിയെ കുറിച്ചാണ് ഓരോ തെരുവിലും ജനങ്ങൾ സംസാരിക്കുന്നത്. ബി.ജെ.പിക്കെതിരെ ജനം വോട്ട് ചെയ്യുമെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു.
കോലാർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവിടത്തെ ജനങ്ങളും നേതാക്കളും ആവശ്യപ്പെടുന്നതായും ഹൈക്കമാൻഡിന്‍റെ അംഗീകാരം ലഭിച്ചാൽ മത്സരിക്കാൻ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.