'ഭരണഘടനാ ദത്തമായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചു'; മുസ്കാന് പുരസ്കാരം നൽകുമെന്ന് ടി.എം.എം.കെ
text_fieldsഇന്ത്യൻ പൗരയെന്ന നിലയിൽ തന്റെ 'അവകാശം ഉറക്കെ പ്രഖ്യാപിച്ചതിന്' മാണ്ഡ്യ പെൺകുട്ടി മുസ്കാന് പുരസ്കാരം നൽകുമെന്ന് ടി.എം.എം.കെ. ഹിജാബ് ധരിച്ചതിന്റെ പേരിൽ ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ആക്ഷേപങ്ങൾക്കിരയായ കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ നിന്നുള്ള മുസ്‌കാൻ എന്ന വിദ്യാർഥിനിക്കാണ് മിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന പുരസ്കാരം പ്രഖ്യാപിച്ചത്.
രാജ്യത്തെ ആദ്യ മുസ്‍ലിം അധ്യാപികയായ ഫാത്തിമ ശൈഖിന്റെ പേരിലുള്ള പുരസ്കാരമാണ് തമിഴ്നാട് മുസ്‍ലിം മുന്നേറ്റ കഴകം മുസ്കാന് നൽകുക.
'ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കാവിപ്പടക്കു മുന്നിൽ നിർഭയമായി നിന്നുകൊണ്ട് ഇന്ത്യൻ പൗരനെന്ന നിലയിൽ തന്റെ അവകാശം ഉറപ്പിച്ച മുസ്കാന് ഫാത്തിമ ഷെയ്ഖ് അവാർഡ് നൽകും'- ടി.എം.എം.കെ. എം പ്രധിനിധി എച്ച്. ജവഹറുല്ല തന്റെ ട്വിറ്റർ പേജിൽ കുറിച്ചു.
കര്‍ണാടകയിലെ മാണ്ഡ്യ കോളജില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിനിയായ മുസ്കാനെ കാവി ഷാൾ അണിഞ്ഞ ഒരു കൂട്ടം സഹപാഠികൾ ജയ് ശ്രീറാം വിളികളുമായി നേരിടുന്നതിെൻറ വിഡിയോ പുറത്തുവന്നിരുന്നു. ഒറ്റക്ക് നടന്നുവരുന്ന വിദ്യാർഥിനിയുടെ അടുത്തേക്ക് ഭ്രാന്തമായ ആവേശത്തോടെ ജയ്ശ്രീറാം വിളികളുമായി ഒാടിയടുക്കുന്ന ഒരു കൂട്ടമാണ് വിഡിയോയിൽ കാണുന്നത്. ആ ബഹളങ്ങൾക്കിടയിൽ 'അല്ലാഹു അക്ബർ' എന്ന് വിളിച്ചുകൊണ്ടാണ് വിദ്യാർഥിനി നടന്നു പോകുന്നത്.
പെൺകുട്ടി 'അല്ലാഹു അക്ബർ' എന്ന് വിളിക്കുന്ന ദൃശ്യം മാത്രമായി മുറിച്ചെടുത്ത് വിദ്വേഷ പ്രചാരണവും സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. കർണാടകയിൽ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥിനികൾക്ക് കോളജുകളിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുകയാണ്. വിലക്കിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥിനികൾക്കെതിരെ ബി.ജെ.പി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.