ഇന്ത്യൻ വാർത്താ മുറികളിലെ ഉയർന്ന തസ്തികകളിൽ ഉന്നത ജാതിക്കാർ മാത്രം
text_fieldsന്യൂഡൽഹി: ഇന്ത്യൻ വാർത്താ മുറികൾക്ക് വൈവിധ്യമില്ലെന്ന് ‘റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്’ (ആർ.എസ്.എഫ്) പുറത്തുവിട്ട ‘ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക’ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഉയർന്ന മാധ്യമപ്രവർത്തക തസ്തികകളിൽ ഉന്നത ജാതിക്കാർ മാത്രമാണെന്നും മാധ്യമങ്ങളുടെ ഉള്ളടക്കത്തിൽ പ്രതിഫലിക്കുന്ന പക്ഷപാതമാണ് ഇതെന്നും ആർ.എസ്.എഫ് കുറ്റപ്പെടുത്തി. 80 കോടി ഇന്ത്യക്കാർ ആശ്രയിക്കുന്ന 70 മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥത ഇപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിനാണെന്ന് ആർ.എസ്.എഫ് എടുത്തുകാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള ഗൗതം അദാനി 2022ൽ എൻ.ഡി.ടി.വി ചാനൽ ഏറ്റെടുത്തതും ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളിൽ ബഹുസ്വരതയുടെ അന്ത്യത്തെ കുറിച്ചുള്ള സൂചനയാണ്.
മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥത ടൈംസ് ഗ്രൂപ്, എച്ച്.ടി മീഡിയ ലിമിറ്റഡ്, ദ ഹിന്ദു ഗ്രൂപ്, നെറ്റ്വർക്ക് 18 തുടങ്ങിയ ദേശീയ തലത്തിലുള്ള ഏതാനും കമ്പനികളിലേക്ക് കേന്ദ്രീകരിക്കുന്ന പ്രവണതയാണ് ഇന്ത്യയിലുള്ളത്. ഹിന്ദി വായനക്കാരിൽ മുക്കാൽ ഭാഗവും നാല് പത്രങ്ങളുടേതാണ്. പ്രാദേശിക മാധ്യമങ്ങളിലും ഈ പ്രവണത കൂടുതലാണെന്നതിന്റെ ഉദാഹരണമായി ബംഗാളി പത്രം ‘ആനന്ദ ബസാർ പത്രിക’യും മറാഠി പത്രം ‘ലോക്മതും’ മലയാള പത്രം ‘മലയാള മനോരമ’യും ആർ.എസ്.എഫ് എടുത്തുകാട്ടി. ഇന്ത്യൻ ചാനലുകളിലെ സായാഹ്ന ടോക് ഷോകളിൽ സ്ത്രീ പ്രാതിനിധ്യം 15 ശതമാനത്തിലും താഴെയാണെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.