രാജസ്ഥാനിൽ മധ്യവയസ്കനെ തല്ലിക്കൊന്ന സംഭവം വ്യാജമെന്ന് നഖ് വി
text_fieldsന്യൂഡൽഹി: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ പശുവിനെ കടത്തിയെന്നാരോപിച്ച് മധ്യവയസ്കനെ ഗോരക്ഷാ പ്രവർത്തകർ തല്ലിക്കൊന്ന സംഭവം ഉണ്ടായിട്ടേയില്ലെന്ന് രാജ്യസഭയിൽ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ് വി. കോൺഗ്രസ് നേതാവ് മധുസൂദൻ മിസ്ത്രിയുടെ പ്രമേയത്തിൽ ചർച്ച നടക്കുമ്പോൾ നഖ് വി നടത്തിയ പ്രസ്താവന രാജ്യസഭയിൽ വലിയ ബഹളത്തിന് വഴിവെച്ചു. മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തതുപോലുള്ള സംഭവം അൽവാറിൽ ഉണ്ടായിട്ടില്ലെന്നും തെറ്റായ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളുടെ നടപടിയെ സംസ്ഥാന സർക്കാർ അപലപിച്ചിരുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്.
വളരെ വൈകാരികമായ സംഭവമാണിത്. അക്രമത്തെ ന്യായീകരിക്കുകയല്ല ഞങ്ങൾ ചെയ്യുന്നത്. ഇത്തരം വൈകാരികമായ സംഭവങ്ങൾ കോടിക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന പ്രശ്നമാണ്- നഖ് വി പറഞ്ഞു.
എന്നാൽ, സഭക്ക് പുറത്ത് ഇതിന് കടകവിരുദ്ധമായ നിലപാടാണ് നഖ് വി സ്വീകരിച്ചത്. സംസ്ഥാന ഗവൺമെന്‍റ് പ്രതികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമാണ് എ.എൻ.ഐ ന്യൂസ് ഏജൻസിയോട് നഖ് വി പറഞ്ഞത്. തങ്ങൾ അക്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പശുക്കളെ കടത്തിയെന്നാരോപിച്ച് ശനിയാഴ്ച പെഹ് ലു ഖാനെ ഗോ സംരക്ഷകർ മർദിച്ച് അവശനാക്കിയിരുന്നു. മർദനത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാൾ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. പെഹ് ലു ഖാൻ ഉൾപ്പെടെ നാലു പേരാണ് ഗോ രക്ഷകരുടെ മർദനത്തിനിരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.