യു.പിയിൽ പ്രത്യേക സുരക്ഷാ സേന; വാറണ്ടില്ലാതെ അറസ്റ്റിനും റെയ്ഡിനും അധികാരം
text_fields
ലഖ്നോ: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് (സി.ഐ.എസ്.എഫ്) സമാനമായി ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച ഉത്തർപ്രദേശ് സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സിന് (യു.പി.എസ്.എസ്.എഫ്) വാറണ്ടില്ലാതെ അറസ്റ്റും തെരച്ചിലും നടത്താനുള്ള അധികാരം നൽകി സംസ്ഥാന സർക്കാർ. കോടതികൾ, വിമാനത്താവളങ്ങൾ, മെട്രോ, ബാങ്കുകൾ, ഭരണകാര്യാലയങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവക്ക് സംരക്ഷണം നൽകുന്നതിനാണ് യു.പി.എസ്.എസ്.എഫ് രൂപീകരിച്ചിരിക്കുന്നത്.
1747.06 കോടി പ്രാഥമിക ചെലവിൽ എട്ട് ബറ്റാലിയൻ യു.പി.എസ്.എസ്.എഫിനെ റിക്രൂട്ട് ചെയ്തതായി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അവനിഷ് അശ്വതി ട്വിറ്ററിലൂടെ അറിയിച്ചു. യു.പി പൊലീസിലെ പ്രത്യേക വിഭാഗമായാണ് സേന പ്രവർത്തിക്കുക. യോഗി ആദിത്യനാഥിെൻറ സ്വപ്ന പദ്ധതിയാണ് യു.പി പ്രത്യേക സുരക്ഷാ സേനയെന്നും അവനിഷ് ട്വിറ്ററിൽ കുറിച്ചു.
മജിസ്ട്രേറ്റിെൻറ അനുമതിയോ വാറണ്ടോ ഇല്ലാതെ ഏതു വ്യക്തിയെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം യു.പി.എസ്.എസ്.എഫിനുണ്ട്. ഏതെങ്കിലും തരത്തിൽ അക്രമം നടത്തുന്ന, അക്രമികളെ ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തുകയോ, തെറ്റായി തടഞ്ഞുവെക്കുകയോ, തടഞ്ഞു വെച്ച് ആക്രമിക്കുകയോ മറ്റേതെങ്കിലും തരത്തിൽ ഉപയോഗിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം. സി.ഐ.എസ്.എഫ് ആക്റ്റിെൻറ സെഷനുകൾ പ്രത്യേക സേനക്കും ബാധകമാകും. സേനക്കായി പ്രത്യേക നിയമാവലി ചിട്ടപ്പെടുത്തുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
വാറണ്ടില്ലാതെ അറസ്റ്റിനും തെരച്ചിലിനുമുള്ള അധികാരം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഇത് സർക്കാറിനെ വിമർശിക്കുന്നവർക്കെതിരെ പ്രയോഗിക്കപ്പെടാമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ യു.പി.എസ്.എസ്.എഫിെൻറ അധികാരങ്ങളെ കുറിച്ച് സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സി.ഐ.എസ്.എഫിന് സമാനമായ അധികാരങ്ങളാണ് പ്രത്യേക സേനക്കുണ്ടാവുക എന്നാണ് സർക്കാർ വൃത്തങ്ങൾ അടിവരയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.