സിവിൽ സർവിസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത് 50ലേറെ മുസ്‌ലിം ഉദ്യോഗാർഥികൾ
text_fieldsന്യൂഡൽഹി: യു.പി.എസ്.സി 2023 സിവിൽ സർവിസ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ റാങ്ക് പട്ടികയിൽ ഇടംപിടിച്ചത് 50ലേറെ മുസ്‌ലിം ഉദ്യോഗാർഥികൾ. ആദ്യ 10 റാങ്കിൽ രണ്ട് പേർ ഉൾപ്പെട്ടു. ആകെ 1016 പേരുടെ റാങ്ക് പട്ടികയാണ് യു.പി.എസ്.സി ഇത്തവണ പ്രസിദ്ധീകരിച്ചത്.
125ലേറെ മുസ്‌ലിം വിഭാഗക്കാരായ ഉദ്യോഗാർഥികളാണ് അവസാനവട്ട അഭിമുഖത്തിനുണ്ടായിരുന്നത്. ഇതിൽ 51 പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം 933 പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടപ്പോൾ 30 പേർ മുസ്‌ലിംകളായിരുന്നു. 2021ൽ 685 പേരുടെ പട്ടികയിൽ 21 പേർ മാത്രമായിരുന്നു മുസ്‌ലിം വിഭാഗക്കാർ. 2020ൽ ഇത് 31 ആയിരുന്നു.
ഇന്ന് പ്രസിദ്ധീകരിച്ച സിവിൽ സർവിസ് റാങ്ക് പട്ടികയിൽ ലഖ്നോ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാൻ രണ്ടും ഡി. അനന്യ റെഡ്ഡി മൂന്നും റാങ്ക് നേടി. ഇത്തവണ ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒ.ബി.സി വിഭാഗത്തിൽ 303 പേർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ (ഇ.ഡബ്ല്യു.എസ്) 115 പേർക്കും എസ്.സി വിഭാഗത്തിൽ 165 പേർക്കും എസ്.ടി വിഭാഗത്തിൽ 86 പേർക്കുമാണ് റാങ്ക് ശിപാർശ നൽകിയത്. ഇതിൽ 180 പേരെ ഐ.എ.എസിനും 37 പേരെ ഐ.എഫ്.എസിനും 200 പേരെ ഐ.പി.എസിനും ശിപാർശ ചെയ്തിട്ടുണ്ട്.
പ്രാഥമിക പരീക്ഷകൾ വിജയിച്ച 2844 ഉദ്യോഗാർഥികളെയാണ് യു.പി.എസ്.സി അഭിമുഖത്തിന് വിളിച്ചിരുന്നത്. മൂന്ന് ഘട്ടമായിട്ടായിരുന്നു അഭിമുഖം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.