പൂജ ഖേദ്കറുടെ ഐ.എ.എസ് റദ്ദാക്കി; യു.പി.എസ്.സി പരീക്ഷകളിൽനിന്ന് ആജീവനാന്ത വിലക്ക്
text_fieldsന്യൂഡൽഹി: രേഖകളിൽ കൃത്രിമം കാണിച്ചെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ, ട്രെയിനീ ഐ.എ.എസ് ഓഫിസർ പൂജ ഖേദ്കറെ യൂനിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എസ്.സി) അയോഗ്യയാക്കി. ഐ.എ.എസ് റദ്ദാക്കിയതിനൊപ്പം കമീഷന്‍റെ പരീക്ഷകളിൽനിന്ന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ നിയമങ്ങൾ ലംഘിച്ചെന്നു കാണിച്ച് നൽകിയ നോട്ടിസിൽ മറുപടി നൽകാൻ പൂജ തയാറായിട്ടില്ലെന്ന് യു.പി.എസ്.സി പ്രസ്താവനയിൽ വ്യക്തമാക്കി.
“വ്യാജരേഖ ചമച്ച്, അനുവദിച്ചതിലും കൂടുതൽ തവണ സിവിൽ സർവീസസ് പരീക്ഷയെഴുതിയ സംഭവത്തിൽ പൂജ ഖേദ്കറിന് ജൂലൈ 18ന് കമീഷൻ കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ജൂലൈ 25നകം മറുപടി നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ ആഗസ്റ്റ് നാല് വരെ സമയം നീട്ടിനൽകണമെന്ന് പൂജ ആവശ്യപ്പെട്ടു. ജൂലൈ 30 വരെ പരമാവധി സമയം നൽകാമെന്ന് കമീഷൻ അറിയിച്ചു. മുന്നറിയിപ്പ് നൽകിയിട്ടും അനുവദിച്ച സമയത്തിൽ വിശദീകരണം നൽകാൻ പൂജ തയാറായിട്ടില്ല.
നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ പൂജക്ക് പരീക്ഷാർഥിയാകാനുള്ള യോഗ്യത പോലുമില്ല. അയോഗ്യയായ പ്രഖ്യാപിക്കുന്നതോടൊപ്പം അവരെ കമീഷന്‍റെ പരീക്ഷകളിൽനിന്ന് ആജീവനാന്തം വിലക്കുന്നു” -യു.പി.എസ്.സി വ്യക്തമാക്കി. പൂജ ഖേദ്കറുമായി ബന്ധപ്പെട്ട് വലിയ വിവാദമുയർന്ന പശ്ചാത്തലത്തിൽ 2009 മുതൽ 2023 വരെ പരീക്ഷയെഴുതിയ 15,000ത്തിലേറെ ഉദ്യോഗാർഥികളുടെ വിവരം കമീഷൻ പരിശോധിച്ചു. എന്നാൽ മറ്റാരും ഇത്തരത്തിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്താനായിട്ടില്ല.
പേര്, മാതാപിതാക്കളുടെ പേര് എന്നിവ മാറ്റി പരീക്ഷക്ക് അപേക്ഷിക്കുകയും വ്യാജ ഒ.ബി.സി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ നേടിയുമാണ് 34കാരിയായ പൂജ പരീക്ഷയിൽ കൃത്രിമം കാണിച്ചത്. ഒ.ബി.സി, ഭിന്നശേഷി വിഭാഗങ്ങൾക്ക് നൽകുന്ന ആനുകൂല്യം നേടിയാണ് പൂജ ഐ.ഐ.എസ് നേടിയത്. പ്രൊബേഷനിടെ കാറും ഓഫിസും സ്റ്റാഫും വേണമെന്ന് ആവശ്യപ്പെട്ട് പൂജ രംഗത്തുവന്നതോടെയാണ് വിവാദമുയർന്നത്. പുണെ കലക്ടർ സുഹാസ് ദിവാസ് മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.