'യു.പി.എസ്.സി ജിഹാദ്' കേസ്: വാദംകേൾക്കൽ നീട്ടി
text_fieldsന്യൂഡല്‍ഹി: മുസ്ലിംകളുടെ സിവില്‍ സര്‍വിസ് പ്രവേശനം 'യു.പി.എസ്.സി ജിഹാദ്' ആണെന്ന് ആരോപിച്ച സംഘ്പരിവാര്‍ ചാനലിനെതിരായ കേസ് സുപ്രീംകോടതിയില്‍ നിര്‍ണായക ഘട്ടത്തിലെത്തി നിൽക്കെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. സുദര്ശന് ടി.വിക്ക് കേന്ദ്ര സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയെച്ചന്നും അതിനു മറുപടി കിട്ടുന്നതു വരെ കേസ് നീട്ടിവെക്കണമെന്നുമുള്ള സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയുടെ ആവശ്യം ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. സുപ്രീംകോടതി ഇടപെട്ടിട്ടില്ലായിരുെന്നങ്കില് പരിപാടിയുടെ സംപ്രേഷണം സുദര്ശന് ടി.വി ഇതിനകം പൂര്‍ത്തിയാക്കുമായിരുന്നു എന്ന് വ്യക്തമാക്കിയാണ് മുടക്കമില്ലാതെ തുടര്ന്നുവരുകയായിരുന്ന വാദം കേള്‍ക്കല്‍ ഒക്ടോബർ അഞ്ചിലേക്ക് മാറ്റിവെച്ചത്. അതിനിടെ മുതിര്‍ന്ന മലയാളി മാധ്യമ പ്രവര്ത്തകന് ശശികുമാര്‍ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്കി.
കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയ ശേഷം സംപ്രേഷണം ചെയ്ത 'യു.പി.എസ്.സി ജിഹാദ്' സുപ്രീംകോടതി വിലക്കുകയും അതിനെതിരായ ഹരജിയില്‍ വാദം കേള്‍ക്കല്‍ മുന്നോട്ടുപോകുകയും ചെയ്തപ്പോഴാണ് സുദര്ശന് ടി.വിക്ക് കേന്ദ്രത്തിെൻറ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഇതുവരെ നടന്ന വാദം കേള്‍ക്കലില്‍ സുദര്ശന് ടി.വി അടക്കമുള്ള ചാനലുകളെ നിയന്ത്രിക്കേണ്ടതില്ലെന്ന നിലപാെടടുത്ത കേന്ദ്ര സര്‍ക്കാര്‍ പൊടുന്നനെയാണ് നിലപാട് മാറ്റിയത്. 1995ലെ കേബ്ള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയന്ത്രണ നിയമപ്രകാരം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ബെഞ്ചിനെ ബോധിപ്പിച്ചു. സെപ്റ്റംബര്‍ 28നകം മറുപടി നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഇല്ലെങ്കില്‍ തുടര്‍നടപടിയുമായി മുന്നോട്ടുപോകും. അതിനാല്‍ വാദം കേള്‍ക്കല്‍ മാറ്റിവെക്കണമെന്ന് മെഹ്ത ആവശ്യപ്പെട്ടു. പ്രോഗ്രാം ചട്ടം ചാനല്‍ ലംഘിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാറിെൻറ തീരുമാനം എന്താണെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. അവസാന അത്താണി എന്ന നിലക്കേ സുപ്രീംകോടതി വാദം കേള്‍ക്കാവൂ എന്നും കേന്ദ്രം അഭ്യര്‍ഥിച്ചു. ഇടപെട്ടിട്ടില്ലായിരുെന്നങ്കില് പരിപാടിയുടെ സംപ്രേഷണം സുദര്ശന് ടി.വി ഇതിനകം പൂര്‍ത്തിയാക്കുമായിരുന്നു എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചുണ്ടിക്കാട്ടി.
കേന്ദ്രം തീരുമാനം എടുക്കും മുമ്പ് സുദര്ശന് ടി.വിക്കെതിരെ പരാതി നല്‍കിയവരെ കേള്‍ക്കുമോ എന്ന് ചോദിച്ചപ്പോള്‍ കേള്‍ക്കാന്‍ നിയമമില്ല എന്നായിരുന്നു എസ്.ജിയുടെ മറുപടി. ഈ ഘട്ടത്തില്‍ ഇടപെട്ട ജസ്റ്റിസ് കെ.എം. ജോസഫ് പരാതിക്കാരനെ കേള്ക്കാനാവില്ലെന്നാണോ താങ്കള്‍ പറയുന്നതെന്ന് ചോദിച്ചു. പരാതിക്കാരെ കേള്‍ക്കുന്നത് എങ്ങനെ നിയമവിരുദ്ധമാകുമെന്നും ജസ്റ്റിസ് ജോസഫ് ചോദിച്ചു.
നിയമവിരുദ്ധമാകില്ലെങ്കിലും ഒരു പരിപാടിക്കെതിരെ 10,000 പരാതികളുണ്ടാകാമല്ലോ എന്നായിരുന്നു മെഹ്തയുടെ പ്രതികരണം. സകാത് ഫൗണ്ടേഷന് പറയാനുള്ളത് സര്‍ക്കാര്‍ കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന് സഞ്ജയ് ഹെഗ്ഡെയും വാദിച്ചു. അപ്പോഴും നിയമപ്രകാരം ചെയ്യുമെന്ന് മെഹ്ത ഉറച്ചുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.