ഉറി സൈനിക ക്യാമ്പ് ആക്രമണം: പാകിസ്താനികളെ വിട്ടയക്കുന്നു
text_fieldsന്യൂഡല്‍ഹി: ഉറിയിലെ ഇന്ത്യന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അറസ്റ്റ് ചെയ്ത രണ്ട് പാകിസ്താനികളുടെ പങ്കാളിത്തത്തിന് തെളിവില്ളെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. ഡല്‍ഹിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഉറി ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ വഴികാട്ടികള്‍ എന്ന് പറഞ്ഞ് എന്‍.ഐ.എ അറസ്റ്റ്ചെയ്ത പാകിസ്താന്‍ സ്വദേശികളായ ഫൈസല്‍ ഹുസൈന്‍ അവാന്‍, അഹ്സാന്‍ ഖുര്‍ശിദ് എന്നിവര്‍ക്കെതിരെ തെളിവില്ളെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും അറിയിച്ചത്.
കൗമാരക്കാരുടെ വീട്ടുകാരെ സംബന്ധിച്ചും അവര്‍ പഠിക്കുന്ന സ്കൂളുകളെ സംബന്ധിച്ചുമുള്ള വിവരങ്ങളെല്ലാം കൃത്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇരുവരെയും കുറ്റമുക്തരാക്കിയതോടെ എന്‍.ഐ.എ കോടതി റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുന്ന മുറക്ക് പാകിസ്താന് കൈമാറും. എന്നാല്‍, അന്തിമതീരുമാനമെടുക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണ്. നിയന്ത്രണരേഖ മറികടന്ന ചന്തു ചവാന്‍ എന്ന സൈനികനെ ഇന്ത്യക്ക് കൈമാറിയ നടപടിക്ക് പ്രത്യുപകാരമെന്നോണം ഫൈസലിനെയും അഹ്സാനെയും പാകിസ്താന് കൈമാറുമെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഉറി കേസില്‍ ഇരുവരെയും കുറ്റമുക്തരാക്കിയ അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് എന്‍.ഐ.എ വിദേശകാര്യമന്ത്രാലയത്തെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സംബന്ധിച്ച് കോടതി തീരുമാനം വന്നശേഷം കൈമാറ്റത്തിന് നടപടിയെടുക്കാന്‍ മന്ത്രാലയത്തെ ഒൗദ്യോഗികമായി വിവരമറിയിക്കും.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 18നാണ് ഉറിയിലെ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണമുണ്ടായത്. 19 പേര്‍ മരിച്ച സംഭവത്തിനു പിന്നാലെ സെപ്റ്റംബര്‍ 21ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ ഫൈസലും അഹ്സാനും അറസ്റ്റിലായി. ഇരുവരും വഴിതെറ്റി ഇന്ത്യയില്‍ എത്തിയതാണെന്നും ആക്രമണത്തില്‍ പങ്കില്ളെന്നും അന്നുതന്നെ കുടുംബങ്ങള്‍ അറിയിച്ചിരുന്നു. നാട്ടുകാരെ കണ്ട മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ഇതിന് വിരുദ്ധമായി തങ്ങള്‍ ജയ്ശെ മുഹമ്മദ് കമാന്‍ഡര്‍മാര്‍ ആണെന്നും ഉറി ആക്രമണം നടത്തിയ നാലു ജയ്ശെ പ്രവര്‍ത്തകര്‍ക്ക് നുഴഞ്ഞുകയറ്റത്തിന് ഉള്‍പ്പെടെ സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു തങ്ങളുടെ ചുമതലയെന്നും ഫൈസലും അഹ്സാനും ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി എന്‍.ഐ.എ സെപ്റ്റംബര്‍ 27ന് മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലപ്പെട്ട നാല് ഭീകരരില്‍ ഒരാളെ ഫൈസല്‍ തിരിച്ചറിഞ്ഞുവെന്നും എന്‍.ഐ.എ അവകാശപ്പെട്ടു. എന്നാല്‍, ഈ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ ജയ്ശെ മുഹമ്മദ് ആക്രമണം നടത്തിയെന്നതിനു തെളിവില്ളെന്നും എന്‍.ഐ.എ അറിയിച്ചിട്ടുണ്ട്.
ആക്രമണകാരികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പരിശോധിച്ചതില്‍നിന്ന് ലശ്കറെ ത്വയ്യിബയാണ് ആക്രമണത്തിനു പിന്നിലെന്നാണ് എന്‍.ഐ.എയുടെ ഒടുവിലത്തെ നിലപാട്. ഇതോടെ, ഫൈസല്‍ തിരിച്ചറിഞ്ഞെന്ന് എന്‍.ഐ.എ അവകാശപ്പെട്ട ഭീകരന്‍െറ സംഘടനയുടെ കാര്യത്തിലും ചോദ്യങ്ങളുയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.