റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് ശമ്പളം രണ്ടു ലക്ഷം; വീട്ടില്‍ സഹായികളില്ല
text_fieldsന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് ശമ്പളം 2.09 ലക്ഷം രൂപ. വീട്ടില്‍ ബാങ്ക് നിയമിച്ച സഹായികളില്ല. സെപ്റ്റംബര്‍ നാലിന് ആര്‍.ബി.ഐ ഗവര്‍ണറായി ചുമതലയേറ്റ പട്ടേല്‍, ഡെപ്യൂട്ടി ഗവര്‍ണറായിരുന്നപ്പോള്‍ താമസിച്ച മുംബൈയിലെ ഫ്ളാറ്റിലാണ് ഇപ്പോഴുമുള്ളത്. എന്നാല്‍, രണ്ട് കാറും രണ്ട് ഡ്രൈവര്‍മാരെയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍െറയും ഊര്‍ജിത് പട്ടേലിന്‍െറയും പ്രതിഫലം എത്രയെന്ന് ചോദിച്ച് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ആര്‍.ബി.ഐയുടെ മറുപടി.
നേരത്തേ പട്ടേല്‍, അദ്ദേഹത്തിനൊപ്പം ഗവര്‍ണര്‍ പദവിയിലേക്ക് പരിഗണിക്കപ്പെട്ട മറ്റുള്ളവര്‍ എന്നിവരുടെ വിവരം തേടി സമര്‍പ്പിച്ച ആര്‍.ടി.ഐ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചിരുന്നു. അത് കാബിനറ്റ് രേഖയാണെന്നും വെളിപ്പെടുത്താനാവില്ളെന്നുമായിരുന്നു മറുപടി. ഒക്ടോബറിലാണ് ഊര്‍ജിത് പട്ടേല്‍ പ്രതിഫലമായി ഒരുമാസത്തെ പൂര്‍ണ ശമ്പളമായ 2.09 ലക്ഷം വാങ്ങിയത്. മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ആഗസ്റ്റില്‍ വാങ്ങിയ ശമ്പളവും ഇതേ തുകയാണ്.
1.69 ലക്ഷം രൂപ ശമ്പളം നിശ്ചയിച്ചാണ് 2013 സെപ്റ്റംബറില്‍ രാജന്‍ ഗവര്‍ണറായി നിയമിതനായത്. തുടര്‍ന്ന് 2014ല്‍ രണ്ടുവട്ടവും 2015 മാര്‍ച്ചിലും ശമ്പള വര്‍ധനയുണ്ടായി. 2016 ജനുവരിയിലാണ് 2.09 ലക്ഷമായി ശമ്പളം ഉയര്‍ത്തിയത്. രാജന് മൂന്ന് കാറിന് നാല് ഡ്രൈവര്‍മാരെയും അദ്ദേഹത്തിന്‍െറ ബംഗ്ളാവില്‍ ഒരു കാവല്‍ക്കാരനെയും മറ്റ് ഒമ്പത് ജീവനക്കാരെയും നിയമിച്ചിരുന്നുവെന്നും റിസര്‍വ് ബാങ്ക് വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.