എം.ജെ. അക്ബറിനെതിരെ വീണ്ടും മീ ടൂ ആരോപണം
text_fieldsവാഷിങ്ടൺ: മുൻ കേന്ദ്രമന്ത്രിയും പ്രമുഖ മാധ്യമപ്രവർത്തകനുമായ എം.ജെ. അക്ബറിനെത ിരെ വീണ്ടും ‘മീ ടൂ’ ആരോപണം. വാഷിങ്ടൺ ആസ്ഥാനമായ നാഷനൽ പബ്ലിക് റേഡിയോ (എൻ.പി.ആർ) ചീഫ് ബിസിനസ് എഡിറ്റർ പല്ലവി ഗൊഗോയ് ആണ് അക്ബറിനെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ചത്. 23 വർഷം മുമ്പാണ് സംഭവം. പത്രത്തിെൻറ എഡിറ്റർ ഇൻ ചീഫ് എന്ന ഉന്നതപദവി ഉപയോഗിച്ച് ഇരയാക്കുകയായിരുന്നു. ‘ദി വാഷിങ്ടൺ പോസ്റ്റ്’ പത്രത്തിലാണ് ‘ജീവിതത്തിലെ ഏറ്റവും വേദനജനകമായ ഒാർമകൾ’ പല്ലവി ഗൊഗോയ് പങ്കുെവച്ചത്.
ആരോപണങ്ങൾ അക്ബർ നിഷേധിച്ചു. ‘മീ ടൂ’ കാമ്പയിനിനെ തുടർന്ന് 67കാരനായ എം.ജെ. അക്ബറിനെതിരെ തുടരെത്തുടരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞമാസമാണ് അദ്ദേഹം കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചത്. ആരോപണമുന്നയിച്ച ഒരാൾക്കെതിരെ അക്ബർ അപകീർത്തി കേസ് കൊടുത്തിട്ടുണ്ട്.
അക്ബർ പത്രാധിപർ എന്നനിലയിലുള്ള അധികാരം ഉപയോഗിച്ച് വേട്ടയാടുകയായിരുന്നെന്ന് പല്ലവി പറഞ്ഞു. ‘ഏഷ്യൻ എയ്ജി’ൽ ചേരുേമ്പാൾ 22 വയസ്സായിരുന്നു പ്രായം. അക്ബറിന് താരപരിവേഷമുണ്ടായിരുന്നു. അദ്ദേഹത്തിെൻറ ഭാഷ പരിജ്ഞാനവും പ്രയോഗങ്ങളും കണ്ട് അത്ഭുതപ്പെട്ടിരുന്നു. 23ാം വയസ്സിൽ ‘ഒാപ്-എഡ്’ പേജ് ചുമതല എനിക്ക് നൽകി. ആ പ്രായത്തിൽ അത് വലിയ ഉത്തരവാദിത്തമായിരുന്നു. പക്ഷേ, ഇഷ്ടപ്പെടുന്ന ജോലി ചെയ്യുന്നതിന് ഏറെ വൈകാതെ തന്നെ വലിയ വില കൊടുക്കേണ്ടി വന്നു. തയാറാക്കിയ പേജ് കാണിക്കാനായി ചെന്ന തന്നെ പേജ് നന്നായെന്ന് പ്രശംസിച്ച അക്ബർ പൊടുന്നനെ ചുംബിച്ചു. ഞാനാകെ പതറി. തകർന്ന മനസ്സുമായാണ് ഒാഫിസിന് പുറത്തിറങ്ങിയത്. മാസങ്ങൾക്കുശേഷം ഒരു മാഗസിൻ പുറത്തിറക്കുന്ന ചടങ്ങിലേക്കായി എന്നെ മുംബൈക്ക് വിളിപ്പിച്ചു. താജ് ഹോട്ടലിലായിരുന്നു അക്ബർ താമസിച്ചിരുന്നത്. അവിടേക്ക് ചെല്ലാൻ പറഞ്ഞു. അവിടെവെച്ചും ചുംബിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ പൊരുതി. അയാളെ തള്ളിമാറ്റി. എെൻറ മുഖം അയാളുടെ നഖംകൊണ്ട് കോറി. കണ്ണീരുമായാണ് അന്ന് ഒാടിരക്ഷപ്പെട്ടത്. എന്താണ് മുഖത്ത് പാടെന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോൾ ഹോട്ടലിൽ തെന്നിവീണതാണെന്ന് പറഞ്ഞു.
വഴങ്ങിയില്ലെങ്കിൽ േജാലി തെറിപ്പിക്കുമെന്ന് അക്ബർ ഭീഷണി മുഴക്കി. പക്ഷേ, ഭീഷണി കൂസാതെ ജോലിയിൽ തുടർന്നു. ഒരു വാർത്ത ചെയ്യാനായി ഡൽഹിയിൽനിന്ന് ഏറെ ദൂരയുള്ള ഗ്രാമങ്ങളിൽ പോകേണ്ടി വന്നു. അതിെൻറ അവസാനദിവസം ജയ്പുരിലായിരുന്നു. വാർത്ത ചർച്ച ചെയ്യാനായി ജയ്പുരിലെ ഹോട്ടൽ മുറിയിൽ വരാൻ അക്ബർ ആവശ്യപ്പെട്ടു. ആ ഹോട്ടൽ മുറിയിൽ വെച്ച് എെൻറ ചെറുത്തുനിൽപുകളെ പരാജയപ്പെടുത്തിന് ബലാത്സംഗം ചെയ്തു. അന്നത് പൊലീസിൽ റിപ്പോർട്ട് ചെയ്യാനായില്ല. അപമാനഭാരവുമായി നടക്കുകയായിരുന്നു പിന്നീട്. ഇക്കാര്യം പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നു കരുതി. തുടർന്നുള്ള മാസങ്ങളിൽ പലരീതിയിൽ അക്ബർ പീഡനം നടത്തി. പുരുഷ സുഹൃത്തുക്കളുമായി സംസാരിക്കുന്നത് കണ്ടാൽ അക്ബർ ഒച്ചയിട്ടു. 94ലെ തെരഞ്ഞെടുപ്പ് മികച്ചരീതിയിൽ റിപ്പോർട്ട് ചെയ്തതിനുള്ള അംഗീകാരമെന്ന നിലക്ക് എന്നെ യു.എസിലേക്കോ യു.കെയിലേക്കോ അയക്കുമെന്ന് അക്ബർ പറഞ്ഞു. അവിടെവെച്ച് വേട്ടയാടാമെന്നായിരുന്നു അക്ബറിെൻറ പദ്ധതി.
ലണ്ടൻ ഒാഫിസിൽ വെച്ച് ഞാൻ സഹപ്രവർത്തകനുമായി സംസാരിച്ചെന്നുപറഞ്ഞ് എനിക്കുനേരെ സാധനങ്ങൾ വലിച്ചെറിഞ്ഞു. അന്ന് അടുത്തുള്ള പാർക്കിലേക്ക് ഒാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തന്നെ മുംബൈക്ക് സ്ഥലം മാറ്റിയെങ്കിലും േജാലിവിട്ട് ന്യൂയോർക്കിലെ മറ്റൊരു സ്ഥാപനത്തിൽ ചേർന്നു. ഇന്ന് ഞാൻ യു.എസ് പൗരയാണ്. ഭാര്യയും അമ്മയുമാണ്. ചിതറിത്തെറിച്ച ജീവിതത്തെ വീണ്ടും വിളക്കിച്ചേർത്തുവരികയാണു ഞാൻ. കഠിനാധ്വാനവും നൈരന്തര്യവും േജാലിയിലുള്ള മികവുമാണ് എന്നെ ‘ഡൗ ജോൺസ്’, ‘ബിസിനസ് വീക്ക്’, ‘യു.എസ്.എ ടുഡെ’, ‘അസോസിയേറ്റഡ് പ്രസ്’, ‘സി.എൻ.എൻ’ എന്നീ സ്ഥാപനങ്ങളിൽ എത്തിച്ചത്. ഇക്കാലമത്രയും ഞാൻ കരുതിയിരുന്നത് നിയമത്തിനും നീതിക്കും മേലെയാണ് അക്ബർ എന്നായിരുന്നു. എനിക്കെതിരെ ചെയ്ത കാര്യങ്ങൾക്കുള്ള വിലനൽകാൻ ഒരിക്കലും അയാൾക്കാകില്ല’ - പല്ലവി എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.