കാപിറ്റൽ ഹിൽ ആക്രമണം: ഇന്ത്യൻ ദേശീയ പതാക ഉപയോഗിച്ച മലയാളിക്കെതിരെ പരാതി
text_fieldsന്യൂഡൽഹി: യു.എസ് കാപിറ്റൽ ഹിൽ ആക്രമണത്തിൽ ഇന്ത്യൻ ദേശീയ പതാകയുമായി പങ്കെടുത്ത അമേരിക്കൻ മലയാളി വിൻസന്‍റ് സേവ്യർ പാലത്തിങ്കലിനെതിരെ പരാതി. ഡൽഹി കൽക്കാജി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് അഭിഭാഷകരാണ് പരാതിക്കാർ. പ്രാഥമിക അന്വേഷണം നടത്തിയും ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചും കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് പൊലീസ് ദേശീയ മാധ്യമങ്ങളെ അറിയിച്ചു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ വിസമ്മതിച്ച അനുയായികളാണ് അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപിറ്റൽ ഹിൽ ബിൽഡിങ്ങിലേക്ക് അതിക്രമിച്ച് കയറിയത്. അതിക്രമിച്ച് കയറിയവരുടെ കൂട്ടത്തിൽ ഇന്ത്യൻ ദേശീയ പതാകയുമായി വിൻസന്‍റ് സേവ്യറും ഉണ്ടായിരുന്നു.
ദേശീയപതാകയുമായി പങ്കെടുത്തത് താനാണെന്ന് ഫേസ്ബുക്കിലും ട്വിറ്ററിലും ഷെയര്‍ ചെയ്ത വീഡിയോകളിലൂടെ വിന്‍സന്‍റ് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, വംശീയവാദികളാണ് പ്രതിഷേധത്തിനു പിന്നിലെന്ന പ്രചാരണത്തിന്‍റെ മുനയൊടിക്കാനാണ് ഇന്ത്യന്‍ പതാകയുമായി പോയതെന്നാണ് വിന്‍സന്‍റിന്‍റെ വാദം.
ദേശീയ പതാക ദുരുപയോഗം ചെയ്ത സംഭവത്തിൽ ഇന്ത്യയിൽ വലിയ വിമർശനമാണ് ഉയർന്നത്. വരുൺ ഗാന്ധി എം.പി അടക്കമുള്ളവർ ട്വീറ്റിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു.
വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം ഒരു മണിയോടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി സമ്മേളിച്ച ഇരുസഭകളുടെയും സംയുക്ത യോഗത്തിലേക്കാണ് ആയിരക്കണക്കിന് സായുധ അക്രമികൾ സുരക്ഷാസംഘത്തെ മറികടന്ന് പാർലമെന്റിന്റെ വാതിലുകൾ തകർത്ത് ഇരച്ചു കയറിയത്.
അക്രമികൾ കടന്നുകയറിയതോടെ യോഗം നിർത്തിവെച്ച് അംഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സ്പീക്കറുടെ ചേംബറിലുൾപ്പെടെ കയറിപ്പറ്റിയ അനുയായികൾ ട്രംപിന്റെ വിജയം ഘോഷിച്ച് മുദ്രാവാക്യങ്ങളുയർത്തി. നാലു മണിക്കൂറോളം പണിപ്പെട്ടാണ് പൊലീസിന് അക്രമികളെ മന്ദിരത്തിനുള്ളിൽ നിന്ന് ഒഴിപ്പിക്കാനായത്.
സംഭവത്തിലും പിന്നീടുണ്ടായ അക്രമ സംഭവങ്ങളിലുമായി രണ്ട് സ്ത്രീകളടക്കം അഞ്ചു പേർ മരിച്ചിരുന്നു. ഒരു സ്ത്രീ പൊലീസ് വെടിവെപ്പിലും മൂന്നുപേർ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നും പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരനുമാണ് മരിച്ചത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.