ഇന്ത്യയിൽ എഴുത്തുകാർക്ക് നേരെ നടക്കുന്ന കൈയേറ്റങ്ങളിൽ യു.എസ്. കോൺഗ്രസിന് ആശങ്ക
text_fieldsവാഷിങ്ടൺ: ഇന്ത്യയിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന കൈയേറ്റങ്ങൾ ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നു. കഴിഞ്ഞ ദിവസം യു.എസ് കോൺഗ്രസ് അംഗമായ ഹാരോൾഡ് ട്രെന്‍റ് ഫ്രാങ്കസ് ഇന്ത്യയിൽ ഭരണത്തിലിരിക്കുന്ന പാർട്ടി നടത്തുന്ന അതിക്രമങ്ങളെ ഹൗസ് ഓഫ് റപ്രസെന്‍റേറ്റീവിൽ നിശിതമായാണ് വിമർശിച്ചത്. ആവിഷ്ക്കാര സ്വാതന്ത്ര്യം ഒരു രാജ്യത്ത് എത്രവിലയേറിയതാണെന്ന് ഗൗരി ലങ്കേഷിന്‍റെ കൊലപാതകവും കാഞ്ച ഐലയ്യക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹം പ്രസംഗിച്ചു.
ആഴ്ചകൾക്ക് മുൻപാണ് ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയെ ഭരണകക്ഷിയിൽ തന്നെ ഉൾപ്പെട്ട ഒരു പാർലമെന്‍റംഗം ഭീഷണിപ്പെടുത്തിയത്. പൊതുജനമധ്യത്തിൽ വെച്ച് ഇദ്ദേഹത്തെ തൂക്കിലേറ്റണം എന്നായിരുന്നു എം.പിയുടെ പ്രസ്താവന എന്നും തെലുങ്കുദേശം എം.പി ടി.ജി. വെങ്കടേഷിന്‍റെ പ്രസ്താവനയെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഫ്രാങ്ക് പറഞ്ഞു.
കാഞ്ച പല തരത്തിലുള്ള ഭീഷണികളും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരിക്കൽ കാഞ്ച സഞ്ചരിച്ച കാർ ജനക്കൂട്ടം ആക്രമിച്ചു. ഇന്ന് അദ്ദേഹം വീട്ടുതടങ്കലിൽ കഴിയുകയാണെന്ന് പറയാം. പുറത്തേക്കിറങ്ങിയാൽ ആക്രമിക്കപ്പെടുമെന്ന അവസ്ഥയിൽ വീട്ടിൽ തന്നെ ഇരിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ മുന്നിലുള്ള പോംവഴി.
കാഞ്ച ഐലയ്യക്ക് നേരെ നടക്കുന്ന ആക്രമണത്തെ യു.എസ് അടക്കമുള്ള ആഗോള രാജ്യങ്ങൾ ശക്തിയായ അപലപിക്കണമെന്ന് ഞാൻ ആവശ്യപ്പെടാനാണ് ഇന്ന് ഈ സഭയിൽ ഞാൻ നിൽക്കുന്നത്^ ഫ്രാങ്ക് പറഞ്ഞു.
മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് സ്വന്തം വീടിന് പുറത്തുവെച്ചാണ് കൊല്ലപ്പെട്ടത്. ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ ജനാധിപത്യ വിരുദ്ധത നിർഭയം തുറന്നുകാട്ടിയതിന്‍റെ പേരിലാണ് അവർ കൊല്ലപ്പെട്ടത്. എഴുത്തുകാരും സാമൂഹ്യപ്രവർത്തകരുമായ ഗോവിന്ദ് പൻസാരെയും എം.എം. കൽബുർഗിയും നരേന്ദ്ര ധാബോൽക്കറും സമാന സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടതും ആശങ്കയുണർത്തുന്ന സംഭവങ്ങളാണ്.
നമ്മുടെ സഖ്യരാജ്യമായ ഇന്ത്യയിലെ സ്ഥതിഗതികൾ അസ്വസഥതയുണ്ടാക്കുന്നതാണ്. കാഞ്ച ഐലയ്യക്കും സമാനരായ മറ്റുള്ളവരുടേയും സംരക്ഷണത്തിന് വേണ്ടി ഇന്ത്യൻ സർക്കാർ മുൻഗണന നൽകണമെന്നും ഫ്രാങ്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.