യു.എസ് പ്രതിനിധികൾ ഡൽഹിയിൽ പുതിയ സൈനിക കരാർ ഇന്ന്
text_fieldsന്യൂഡൽഹി: പ്രതിരോധ രംഗത്തെ സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്ന ചർച്ചക്കും കരാർ ഒപ്പുവെക്കലിനുമായി യു.എസ് പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാർ ഡൽഹിയിൽ.
ദക്ഷിണ ചൈന കടലിലെ വിഷയങ്ങൾ, ലഡാക്ക് അതിർത്തിയിലെ സംഘർഷം എന്നിവയോടെ അമേരിക്കക്കും ഇന്ത്യക്കും െപാതു ഉത്കണ്ഠയായി ചൈന മാറിയിരിക്കേ, പരസ്പര ബന്ധം പുതിയ തലത്തിലേക്ക് ഉയർത്താനുദ്ദേശിച്ചുള്ളതാണ് രണ്ടു ദിവസത്തെ സന്ദർശനം.
രാഷ്്ട്രീയ-സൈനിക ബന്ധം വിപുലമാക്കി അടിസ്ഥാന സൗകര്യ നിർമാണത്തിൽ ചൈനയുടെ സഹായം പറ്റുന്ന ശ്രീലങ്ക, മാലദ്വീപ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലെത്തി നിലപാട് അറിയിച്ച ശേഷമാവും അമേരിക്കൻ പ്രതിനിധികളുടെ മടക്കം.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാർക് ഈസ്പർ എന്നിവരാണ് ഡൽഹിയിൽ എത്തിയത്.പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എന്നിവരുമായി ചൊവ്വാഴ്ച ഹൈദരാബാദ് ഹൗസിൽ നടക്കുന്ന ചർച്ചക്കു പിറകെ അടിസ്ഥാന വിനിമയ, സഹകരണ കരാർ (ബി.ഇ.സി.എ) ഒപ്പുവെക്കും.
സൈനികാവശ്യങ്ങൾക്ക് ഉപഗ്രഹ സാങ്കേതിക വിദ്യയിലൂടെ കിട്ടുന്ന ഡാറ്റ പങ്കുവെക്കൽ, അനുബന്ധ സഹായം എന്നിവക്കാണ് കരാർ. പുതിയ ആയുധ ഇടപാടുകളെക്കുറിച്ച ചർച്ചയും നിശ്ചയിച്ചിട്ടുണ്ട്.
തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി വൈകീട്ട് മടങ്ങും. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിനു ദിവസങ്ങൾ ബാക്കിനിൽക്കെയാണ് സന്ദർശനമെന്നത് യാത്രയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.