ഇന്ത്യയിലെത്തിയ യു.എസ്. മാധ്യമപ്രവർത്തകനെ തിരിച്ചയച്ചു; സന്ദർശനം വ്യക്തിപരമെന്ന് കുടുംബം
text_fieldsന്യൂഡൽഹി: ഇന്ത്യയിലെത്തിയ അമേരിക്കൻ പൗരനായ മാധ്യമപ്രവർത്തകൻ അംഗദ് സിങ്ങിനെ തിരിച്ചയച്ചു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് ബുധനാഴ്ച രാത്രി തിരിച്ചയച്ചതായി അംഗദ് സിങ്ങിന്‍റെ കുടുംബം പറഞ്ഞു. അമേരിക്കൻ ന്യൂസ് ആൻഡ് എന്റർടെയ്ൻമെന്റ് കമ്പനിയായ 'വൈസി'ലെ മാധ്യമപ്രവർത്തകനാണ് അംഗദ് സിങ്.
ബുധനാഴ്ച രാത്രി 8.30ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ അംഗദ് സിങ്ങിനെ മൂന്ന് മണിക്കൂറിനുള്ളിൽ യു.എസിലേക്ക് തിരിച്ചയക്കുകയായിരുന്നു. പഞ്ചാബിൽ നടക്കുന്ന കുടുംബസംഗമത്തിനാണ് അംഗദ് ഇന്ത്യയിലെത്തിയതെന്നും അദ്ദേഹത്തിന്‍റെ ജോലി കാരണമാണ് തിരിച്ചയച്ചതെന്നും കുടുംബം ആരോപിച്ചു.
ഷഹീൻ ബാഗ് പ്രതിഷേധത്തെക്കുറിച്ച് അംഗദ് സിങ് ഡോക്യുമെന്ററി തയാറാക്കിയിരുന്നു. ആ ഡോക്യുമെന്‍ററിയിൽ കേന്ദ്ര സർക്കാർ അസ്വസ്ഥരായിരിക്കാം. ഇന്ത്യയിലെ ദലിതുകളെ കുറിച്ച് ഡോക്യുമെന്ററി തയാറാക്കാൻ പത്രപ്രവർത്തകൻ എന്ന നിലയിൽ വിസക്ക് അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. വ്യക്തിപരമായ സന്ദർശനത്തിന് എത്തിയ അംഗദിനെ തിരിച്ചയച്ചെന്നും കുടുംബാംഗം പറഞ്ഞു.
ഇന്ത്യയിലെത്തിയ മകനെ തിരിച്ചയച്ചിൽ മാതാവും എഴുത്തുകാരിയുമായ ഗുർമീത് കൗർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കാരണം പറയാതെയാണ് മകനെ തിരിച്ചയച്ചത്. അംഗീകാരം നേടിയ മകന്‍റെ മാധ്യമപ്രവർത്തനമാണ് അവരെ ഭയപ്പെടുത്തുന്നതെന്ന് നമുക്കറിയാം. മികവുറ്റ വാർത്തകളാണ് അവൻ തയാറാക്കിയിട്ടുള്ളത്. മാതൃരാജ്യത്തോടുള്ള സ്നേഹമാണ് അവർക്ക് സഹിക്കാൻ കഴിയാത്തത് -ഗുർമീത് കൗർ ചൂണ്ടിക്കാട്ടി.
അമേരിക്കയിൽ ജനിച്ചു വളർന്ന അംഗദ് സിങ് അടിക്കടി പഞ്ചാബിലെ കുടുംബാംഗങ്ങളെ കാണാൻ എത്താറുണ്ടെന്ന് മറ്റൊരു ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.