ചൈനക്കെതിരെ തുറന്ന സഹകരണം
text_fieldsന്യൂഡൽഹി: സൈനികമായും സാമ്പത്തികമായും പൊതുശത്രുവായി മാറിയ ചൈനയെ നേരിടാൻ ഇന്ത്യയും യു.എസും കൂടുതൽ തുറന്ന സഹകരണം പ്രഖ്യാപിച്ചു. സൈനിക പങ്കാളിത്തം വിപുലപ്പെടുത്തി പുതിയ കരാറിൽ ഒപ്പുവെച്ചു. ഇതിനൊപ്പം, ഏതു ഭീഷണിയും നേരിടാൻ ഒപ്പമുണ്ടെന്ന പരസ്യമായ വാഗ്ദാനവും അമേരിക്ക ഇന്ത്യക്കു നൽകി.
പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ അമേരിക്ക ഇന്ത്യക്കൊപ്പമുണ്ടെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് േപാംപിയോ പറഞ്ഞു. ദക്ഷിണ ചൈന കടലിൽ യു.എസും, ലഡാക്ക് അതിർത്തിയിൽ ഇന്ത്യയും ചൈനയിൽനിന്നു നേരിടുന്ന ഭീഷണിക്കെതിരായ സംയുക്ത പ്രഖ്യാപനമാണ് രണ്ടു രാജ്യങ്ങളുടെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാർ ഡൽഹിയിൽ ചൊവ്വാഴ്ച നടത്തിയത്.
അമേരിക്കയിൽനിന്നെത്തിയ മുതിർന്ന നേതാക്കൾ യുദ്ധസ്മാരകം സന്ദർശിക്കുകയും ചൈനീസ് സേനയുമായി ഗൽവാൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ജവാന്മാർക്ക് ആദരമർപ്പിക്കുകയും ചെയ്തത് നിലപാടുകൾക്ക് കൂടുതൽ വ്യക്തത നൽകുന്നതായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായും ചർച്ചകൾ നടന്നു.
നിരീക്ഷണ വിവരങ്ങൾ പങ്കുവെക്കും
സൈനികവിവരങ്ങൾ പരസ്പരം പങ്കുവെക്കാനുള്ള പുതിയ കരാറിലാണ് ഇന്ത്യയും യു.എസും ഒപ്പുവെച്ചത്. അടിസ്ഥാന സൈനിക വിവര വിനിമയ സഹകരണ കരാർ (ബി.ഇ.സി.എ) പ്രകാരം അമേരിക്കയുടെ ഉപഗ്രഹ, രഹസ്യനിരീക്ഷണ സംവിധാനങ്ങളിലൂടെ കിട്ടുന്ന വിവരങ്ങളും ഡേറ്റയും ചിത്രങ്ങളും ഇന്ത്യക്കു ലഭ്യമാക്കും.
അമേരിക്കൻ സൈനിക ഉപഗ്രഹങ്ങളിൽനിന്നുള്ള കൃത്യതയേറിയ ചിത്രങ്ങൾ ലഭ്യമാകും. ഉപഗ്രഹ, സംവേദനികൾ വഴിയുള്ള ഡേറ്റ ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് പടക്കപ്പലുകളുടെ നീക്കം അടുത്തു നിരീക്ഷിക്കുന്നതിന് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.