യു.എസ് സ്റ്റേറ്റ്, പ്രതിരോധ സെക്രട്ടറിമാർ കിയവിലേക്ക്; കൂടുതൽ പ്രഹരശേഷിയുള്ള ആയുധങ്ങൾ ആവശ്യപ്പെടാൻ യുക്രെയ്ൻ
text_fieldsകിയവ്: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഞായറാഴ്ച യുക്രെയ്ൻ സന്ദർശിക്കും. തലസ്ഥാനമായ കിയവിൽ നടക്കുന്ന ചർച്ചയിൽ കൂടുതൽ പ്രഹരശേഷിയുള്ള ആയുധങ്ങൾക്ക് യു.എസിനോട് ആവശ്യപ്പെടുമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
റഷ്യയുടെ നിയന്ത്രണത്തിലുള്ള മരിയുപോൾ ഉൾപ്പടെയുള്ള നഗരങ്ങൾ തിരിച്ച് പിടിക്കുന്നതിനായി കൂടുതൽ പ ആയുധങ്ങൾ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ സേന പിടിച്ചെടുത്ത പ്രദേശങ്ങളിൽ യുക്രെയ്ൻ പൗരൻമാരെ ആക്രമിക്കുന്നത് തുടർന്നാൽ റഷ്യയുമായുള്ള ചർച്ചകൾ കിയവിന് ഉപേക്ഷിക്കേണ്ടി വരുമെന്ന് സെലൻസ്കി മുന്നറിയിപ്പ് നൽകി.
റഷ്യക്ക് ആണവായുധം പ്രയോഗിക്കാൻ കഴിയുമെന്ന് തനിക്ക് അറിയാം. എന്നാൽ റഷ്യ അത് ചെയ്യുമെന്ന് വിശ്വസിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ ലഭിച്ചാൽ റഷ്യൻ സേന താൽക്കാലികമായി കൈവശപ്പെടുത്തിയിരിക്കുന്ന നഗരങ്ങളെല്ലാം തിരികെ പിടിക്കുമെന്നും തന്നെ വിശ്വസിക്കണമെന്നും സെലൻസ്കി അഭ്യർഥിച്ചു.
രാജ്യത്തിന് ആവശ്യമുള്ള ആയുധങ്ങൾ യു.എസ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഒഡേസ നഗരത്തിൽ ഉണ്ടായ മിസൈൽ ആക്രമണത്തിൽ മൂന്ന് മാസം പ്രായമുള്ള കുട്ടി ഉൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ടതായി സെലൻസ്കി അറിയിച്ചു. വാർത്ത സമ്മേളനത്തിനിടയിൽ സ്വന്തം കുട്ടികളെ നഷ്ടപ്പെട്ട ഓരോ യുക്രെയ്ൻ പൗരന്‍റെയും വേദനയിൽ താൻ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.