അഫ്ഗാനിൽ നിന്ന് പൗരന്മാരെ എത്തിക്കാൻ അമേരിക്കൻ സഹായം തേടി ഇന്ത്യ
text_fieldsന്യൂഡൽഹി: താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യയും അമേരിക്കയും ചർച്ച ചെയ്തു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും തമ്മിലാണ് ചർച്ച നടത്തിയത്.
പൗരന്മാരെ അഫ്ഗാനിൽ നിന്ന് തിരികെ എത്തിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടി. അഫ്ഗാനിലെ നിലവിലെ സാഹചര്യം ചർച്ചയായെന്നും വിദേശകാര്യ മന്ത്രാലയങ്ങൾ അറിയിച്ചു. അന്താരാഷ്ട്ര സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകൾ പങ്കുവെച്ചതായും ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്. ജയശങ്കർ പ്രതികരിച്ചു.
അതിനിടെ, അഫ്ഗാനിലെ സ്ഥിതിഗതികളിൽ ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി യോഗത്തിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. താലിബാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചില്ലെങ്കിലും അഫ്ഗാനിസ്താനിലെ ജനങ്ങൾ ഭയത്തോടെയാണ് കഴിയുന്നതെന്ന് യു.എൻ രക്ഷാസമിതി യോഗത്തിൽ ഇന്ത്യ വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും വൻ ഭീതിയിൽ കഴിയുകയാണ്. അഫ്ഗാനെ വീണ്ടും ഭീകരരുടെ താവളമാക്കി മാറ്റരുതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഭീകരവാദത്തോട് വിട്ടുവീഴ്ച പാടില്ല. അയൽരാജ്യങ്ങൾക്ക് നേരെയുള്ള ഭീഷണിക്കും ആക്രമണത്തിനും വേണ്ടി ഭീകരർ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്ന സാഹചര്യം സംജാതമാകരുതെന്നും ഇന്ത്യൻ പ്രതിനിധി ടി.എസ്. തിരുമൂർത്തി വ്യക്തമാക്കി.
അതിനിടെ, യു.എൻ സമാധാന പ്രവർത്തനങ്ങളും ഭീകരവാദവും ചർച്ച ചെയ്യാൻ വിളിച്ച സുരക്ഷാസമിതിയുടെ ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ന്യൂയോർക്കിലെത്തി. ഇന്ത്യയാണ് ഉന്നതതല യോഗത്തിന് അധ്യക്ഷത വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.