സ്റ്റുഡന്റ്സ് വിസയിൽ കനഡയിലെ കോളജുകൾ വഴി യു.എസിലേക്ക് മനുഷ്യക്കടത്ത്: ഗുജറാത്തിലെ സ്ഥാപനങ്ങൾക്കെതിരെ ഇ.ഡി അന്വേഷണം
text_fieldsന്യൂഡൽഹി: സ്റ്റുഡന്റ് വിസ സമ്പാദിച്ച് കനഡയെ ഇടത്താവളമായി ഉപയോഗിച്ച് യു.എസിലേക്ക് ഇന്ത്യക്കാരെ കടത്തുന്ന കേസിൽ ഗുജറാത്ത് ആസ്ഥാനമായുള്ള കനേഡിയൻ കോളജുകളുടെയും നിരവധി ഇന്ത്യൻ സ്ഥാപനങ്ങളുടെയും പങ്ക് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. ഗുജറാത്തിലെ ഗാന്ധിനഗറിലെ ഡിങ്കുച്ച ഗ്രാമത്തിൽ നിന്നുള്ള നാലംഗ ഇന്ത്യൻ കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. 2022 ജനുവരിയിൽ യു.എസ്-കാനഡ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് കുട്ടികളുൾപ്പെടെയുള്ള കുടുംബം തണുത്തുമരവിച്ച് മരിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) ക്രിമിനൽ വകുപ്പുകൾ പ്രകാരം കേസിലെ മുഖ്യപ്രതിയായ ഭവേഷ് അശോക്ഭായ് പട്ടേലിനും മറ്റു ചിലർക്കുമെതിരെ അഹമ്മദാബാദ് പൊലീസ് എഫ്.ഐ.ആർ നൽകിയത് നേരത്തെ ഇ.ച്‍യുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇരകളായ ജഗദീഷ് പട്ടേൽ, ഭാര്യ വൈശാലിബെൻ, ഇവരുടെ 11 വയസ്സുള്ള മകൾ വിഹാംഗി, മൂന്ന് വയസ്സുള്ള മകൻ ധാർമിക് എന്നിവരെ ജനുവരി 19ന് കനേഡിയൻ അധികൃതർ മാനിറ്റോബ പ്രവിശ്യയിലെ എമേഴ്‌സൺ ടൗണിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യു.എസിലേക്കുള്ള നിയമവിരുദ്ധമായ പ്രവേശനത്തിന് ഈ കുടുംബം കള്ളക്കടത്തുകാർക്ക് പണം നൽകിയിരുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള 11 അംഗ റാക്കറ്റാണ് ഇതിനു പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരം.
നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കനഡ വഴി യു.എസിലേക്ക് ഇന്ത്യക്കാരെ അയക്കുന്നതിന് ഭാവേഷ് പട്ടേലും മറ്റുള്ളവരും വളരെ ആസൂത്രിതമായി മനുഷ്യക്കടത്ത് ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. സ്റ്റുഡന്റ് വിസയിൽ ആളുകളെ കനഡയിലേക്ക് കൊണ്ടുവരികയും അനധികൃതമായി അതിർത്തി കടത്തി യു.എസിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന റാക്കറ്റിൽ ഇവർ ഉൾപ്പെട്ടിരുന്നുവെന്നും ഇ.ഡി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഇതിനായി പ്രതികൾ ചില കനേഡിയൻ കോളജുകളുമായി കൈകോർത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യു.എസിലേക്ക് പോകാൻ തയ്യാറുള്ള ആളുകൾക്ക് അവർ കനേഡിയൻ സ്റ്റുഡന്റ് വിസക്ക് അപേക്ഷിച്ചു. തുടർന്ന് യുവാക്കൾ അനധികൃതമായി കനഡയിലെ കോളജുകളിലും സർവകലാശാലകളിലും പ്രവേശനം നേടി. ഈ ആളുകൾ കനഡയിലെത്തി കോളജിൽ ചേരുന്നതിനുപകരം നിയമവിരുദ്ധമായി യുഎ.സ്-കനഡ അതിർത്തി കടന്നുവെന്നും ഇ.ഡി ഉദ്യോഗസ്ഥൻ പറഞ്ഞു. കനഡയിലെ ഇത്തരം 262 കോളേജുകളിൽ ചിലതിന് യു.എസ് അതിർത്തിക്കടുത്തുള്ള ഇന്ത്യൻ പൗരന്മാരെ കടത്തുന്നതിൽ പങ്കുള്ളതായി കേന്ദ്ര ഏജൻസി സംശയിക്കുന്നു. നിരവധി ഇന്ത്യക്കാരെ റാക്കറ്റിലേക്ക് ആകർഷിക്കുകയും ഒരാൾക്ക് 55 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ ഈടാക്കുകയും ചെയ്തു.
യു.എസ്-കനഡ അതിർത്തിയിൽ ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റം വർധിച്ചതായും കഴിഞ്ഞ വർഷം 14,000 ത്തിലധികം ഇന്ത്യൻ കുടിയേറ്റക്കാരെ അതിർത്തിയിൽ അറസ്റ്റ് ചെയ്തതായും വൃത്തങ്ങൾ അറിയിച്ചു. യു.എസ് കണക്കുകൾ പ്രകാരം 7,25,000ത്തിലധികം അനധികൃത ഇന്ത്യക്കാർ അമേരിക്കയിൽ താമസിക്കുന്നുണ്ട്.
മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം മുംബൈ, നാഗ്പൂർ, ഗാന്ധിനഗർ, വഡോദര എന്നിവിടങ്ങളിലെ എട്ട് സ്ഥലങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. മുംബൈയിലും നാഗ്പൂരിലുമുള്ള രണ്ട് സ്ഥാപനങ്ങൾ കമീഷൻ നൽകി വിദേശ സർവകലാശാലകളിൽ ഇന്ത്യക്കാരെ പ്രവേശിപ്പിക്കുന്നതിന് കരാറിൽ ഏർപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഓരോ വർഷവും ഏകദേശം 25,000 ലധികം വിദ്യാർഥികളെ ഇന്ത്യക്കു പുറത്തുള്ള വിവിധ കോളജുകളിലേക്ക് റഫർ ചെയ്യുന്നതായും ഏജൻസി പറഞ്ഞു.
ഇതുവരെ ഗുജറാത്ത് ആസ്ഥാനമായുള്ള 1,700ഉം രാജ്യത്തുടനീളമുള്ള 3,500ഉം ഏജന്റുമാരെയും പങ്കാളികളെയും തങ്ങൾ കണ്ടെത്തിയതായും അതിൽ 800ഓളം പേർ നിലവിൽ സജീവമാണെന്നും ഒരു ഇ.ഡി ഉദ്യോഗസ്ഥൻ പറഞ്ഞു. കനഡ ആസ്ഥാനമായുള്ള 112ഓളം കോളജുകൾ മഹാരാഷ്ട്രയിലെ ഇന്ത്യൻ സ്ഥാപനങ്ങളിലൊന്നുമായും 150ലധികം കോളജുകൾ മറ്റൊരു സ്ഥാപനവുമായും കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഡിങ്കുച്ച കുടുംബക്കടത്ത് കേസിൽ ഇവരുടെ പങ്കാളിത്തവും അന്വേഷണത്തിലാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ 19 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങൾ ഇ.ഡി മരവിപ്പിക്കുകയും കുറ്റാരോപിതരായ ചിലരുടെ രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും രണ്ട് വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.