ഇറാനിൽനിന്ന് എണ്ണ വാങ്ങരുത്: ഇന്ത്യക്ക് അമേരിക്കയുടെ അന്ത്യശാസനം
text_fieldsവാഷിങ്ടൺ: ഇറാനിൽനിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് അമേരിക്ക. നവംബർ നാലിനകം ഇടപാട് പൂർണമായും നിർത്തണം. ഇല്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് യു.എസ് ഭീഷണി. ഇറാഖും സൗദിയും കഴിഞ്ഞാൽ ഇന്ത്യ ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇറാൻ. 2017 ഏപ്രിലിനും 2018 ജനുവരിക്കുമിടയിൽ ഇറാൻ 18.4 ദശലക്ഷം ടൺ അസംസ്കൃത എണ്ണ വിതരണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള ആണവ ഇടപാടിൽനിന്ന് പിൻവാങ്ങി ആ രാജ്യത്തിനെതിരെ ഉപരോധം പുനഃസ്ഥാപിച്ചത്. ഇൗ വേളയിൽ, വിദേശ കമ്പനികൾ ഇറാനുമായുള്ള വ്യാപാരം 90 മുതൽ 180 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. വ്യാപാരത്തിെൻറ സ്വഭാവം അനുസരിച്ചാണ് ഇൗ കാലാവധി നിശ്ചയിച്ചിരുന്നത്. ഇറാെൻറ സാമ്പത്തിക സ്ഥിരത തകർക്കലാണ് യു.എസ് ലക്ഷ്യം.
ഇന്ത്യയുമായുള്ള ഉന്നതതല ചർച്ച യു.എസ് മാറ്റി
ന്യൂഡൽഹി: ജൂലൈ ആറിന് നടക്കാനിരുന്ന ഇന്ത്യ-അമേരിക്ക ‘2+2 ഉന്നതതല സംഭാഷണം’ മാറ്റിവെച്ചതായി യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അറിയിച്ചു. ഒഴിവാക്കാനാവാത്ത കാരണങ്ങളാലാണ് ചർച്ച മാറ്റിയതെന്ന് പോംപിയോ വിശദീകരിച്ചു. വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സുഷമ സ്വരാജ്, പ്രതിരോധമന്ത്രി നിർമല സീതാരാമൻ എന്നിവർ മൈക്ക് പോംപിയോ, യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായി അടുത്തയാഴ്ച അമേരിക്കയിലാണ് കൂടിക്കാഴ്ച നടക്കേണ്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.