'വിഷമിക്കേണ്ട... മകളുടെ കാര്യങ്ങൾ ഞാൻ അന്വേഷിക്കാറുണ്ട്; കോവിഡ് കാലത്ത് അമ്മാവന് ആശ്വാസവാക്കുകളുമായി കമല ഹാരിസ്
text_fieldsവാഷിങ്ടൺ: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ഫോണിലൂടെ അമ്മാവന്റെ സുഖവിവരങ്ങൾ തേടി അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. അമ്മാവൻ ജി. ബാലചന്ദ്രന്‍റെ 80-ാം ജന്മദിനത്തിലാണ് കമല ഹാരിസ് ഫോണിലൂടെ വിശേഷങ്ങൾ അന്വേഷിച്ചത്.
കമലയോടും ഭർത്താവിനോടും സംസാരിച്ചെന്നും കോവിഡ് അടക്കമുള്ള വിവരങ്ങൾ പങ്കുവെച്ചെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രൻ വ്യക്തമാക്കി. വാഷിങ്ടണിലുള്ള മകളുടെ വിശേഷം ആരാഞ്ഞപ്പോൾ, വിഷമിക്കേണ്ടെന്നും മകളുടെ വിശേഷങ്ങൾ അറിയാൻ ഇടക്കിടക്ക് താൻ വിളിക്കാറുണ്ടെന്നും കമല മറുപടി നൽകിയതായി ബാലചന്ദ്രൻ പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് വ്യാപിക്കുന്നതിന് മുമ്പാണ് കമല ഹാരിസും ഡൽഹിയിൽ താമസിക്കുന്ന അമ്മാവനും തമ്മിൽ അവസാനമായി സംസാരിച്ചത്.
സുഹൃത്തുകൾക്ക് കോവിഡ് ബാധിച്ചതായി കേട്ടിരുന്നെങ്കിലും ഇപ്പോൾ രോഗം വീടിനടുത്ത് എത്തുകയാണ്. പരിചയക്കാർക്കും സഹപ്രവർത്തകർക്കും രോഗം ബാധിച്ചു. ചിലർ മരിച്ചു. ഇന്ത്യയിൽ സ്ഥിതി വളരെ മോശമാണെന്നും ബാലചന്ദ്രൻ ചൂണ്ടിക്കാട്ടി.
താൻ ഭാഗ്യവാനാണെന്ന് പറഞ്ഞ ബാലചന്ദ്രൻ, അവശ്യ സാധനങ്ങൾ വാങ്ങിക്കാൻ മാത്രമാണ് പുറത്തിറങ്ങുന്നതെന്നും വ്യക്തമാക്കി. സഹോദരി സരള ചെന്നൈയിലെ വീട്ടിലാണ് കഴിയുന്നത്. അവർ കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടെന്നും ബാലചന്ദ്രൻ അഭിമുഖത്തിൽ പറഞ്ഞു.
തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ശ്യാമള ഗോപാലന്‍റെയും ജമൈക്കൻ പൗരന്‍റെയും മകളാണ് കമല ഹാരിസ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ഡെമോക്രാറ്റിക് കൺവെൻഷനിൽ അമ്മ ശ്യാമളയെ കമല ഹാരിസ് അനുസ്മരിച്ചിരുന്നു. താനും കുടുംബവും കടന്നുവന്ന വഴികളും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും കറുത്ത വർഗക്കാരിയും ഇന്ത്യൻ വംശജയും എന്ന നിലയിൽ അഭിമാനത്തോടെ അമ്മ വളർത്തിയതും ഒാർത്തെടുത്തായിരുന്നു കമലയുടെ പ്രഭാഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.