50ഒാളം ഇന്ത്യൻ ഉൽപന്നങ്ങളുടെ നികുതിയിളവ് യു.എസ് നീക്കി
text_fieldsവാഷിങ്ടൺ: 50ഒാളം ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ ഇളവ് അമേരിക്ക നീക്കി. ഇത ിൽ മിക്കതും കൈത്തറി, കാർഷിക ഉൽപന്നങ്ങളാണ്. വാണിജ്യമേഖലയിൽ ഇന്ത്യയോടുള്ള ട്രംപ് ഭരണകൂടത്തിെൻറ സമീപനമാണ് ഇത് വ്യക്തമാക്കുന്നതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. യു.എസിലേക്കെത്തുന്ന മൊത്തം 90 ഉൽപന്നങ്ങൾ തീരുവ ഇളവിൽനിന്ന് പുറത്താകുന്നതായി ‘ഫെഡറൽ രജിസ്റ്റർ’ ഉത്തരവിൽ പറയുന്നു.
നവംബർ ഒന്നുമുതൽ ഇൗ ഉൽപന്നങ്ങൾക്കുള്ള നികുതിയിളവ് ഇല്ലാതാകുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞു. സമ്പൂർണ നികുതി ഇളവ് ഉണ്ടാകില്ലെങ്കിലും ‘ഏറ്റവും അടുപ്പമുള്ള രാജ്യങ്ങൾക്കുള്ള നികുതി നിരക്കി’ൽ ഉൾപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
ഏതെങ്കിലും രാജ്യത്തോടുള്ള നിലപാടല്ല, മറിച്ച് ഉൽപന്നങ്ങളുടെ സ്വഭാവം പരിഗണിച്ചാണ് നികുതിയിളവ് പിൻവലിച്ചതെന്നും അഭിപ്രായമുണ്ട്. അമേരിക്കയിൽ ഇറക്കുമതിക്ക് ഏറ്റവുമധികം നികുതിയിളവ് ലഭിക്കുന്ന രാജ്യമെന്ന നിലയിൽ പുതിയ നിലപാട് കൂടുതൽ ബാധിക്കുക ഇന്ത്യയെ തന്നെയാണ്. ‘പൊതു മുൻഗണന സംവിധാനം’ അഥവ ജി.എസ്.പി പ്രകാരമാണ് ഇറക്കുമതിയിൽ അമേരിക്ക നികുതിയിളവ് നൽകുന്നത്. യു.എസിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ വ്യാപാര പദ്ധതിയാണിത്. ഇതനുസരിച്ച് ആയിരക്കണക്കിന് ഉൽപന്നങ്ങളാണ് നികുതിയില്ലാതെ അമേരിക്കയിൽ എത്തുന്നത്.
2017ൽ ജി.എസ്.പി പ്രകാരം ഇന്ത്യയുടെ യു.എസിലേക്കുള്ള കയറ്റുമതി നാലുലക്ഷം കോടി രൂപയിലധികമുണ്ടായിരുന്നു. പുതിയ നീക്കം ഇന്ത്യൻ കയറ്റുമതി രംഗത്തെ ചെറുകിട, ഇടത്തരം വ്യാപാരങ്ങളെയാണ് ബാധിക്കുക. ജി.എസ്.പി പട്ടികയിൽനിന്ന് അർജൻറീന, ബ്രസീൽ, തായ്ലൻഡ്, സുരിനാം, പാകിസ്താൻ, തുർക്കി, ഫിലിപ്പീൻസ്, എക്വഡോർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളും നീക്കിയിട്ടുണ്ട്. ഇന്ത്യയിൽനിന്ന് കൈത്തറി, അടക്ക, ടർപൈൻറൻ ഗം, മാങ്ങ, സാൻറ് സ്റ്റോൺ, പോത്തിെൻറ തോൽ, ഹാർമോണിയം പോലുള്ള സംഗീത ഉപകരണങ്ങൾ, നെക്ലേസുകൾ, മാലകൾ തുടങ്ങിയ ഉൽപന്നങ്ങൾക്കാണ് നികുതിയിളവ് ഒഴിവാക്കുന്നത്. നികുതിയിളവ് ഉണ്ടാകില്ലെങ്കിലും ഇവ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിൽ തടസ്സമില്ല. ജി.എസ്.പിയിലേക്ക് ഇന്ത്യയുടെ യോഗ്യത പുനഃപരിശോധിക്കാൻ ഏപ്രിലിൽ അമേരിക്ക തീരുമാനിച്ചിരുന്നു. ഇത് പുതുക്കിയതിെൻറ പ്രാബല്യം 2020 ഡിസംബർ 31വരെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.