'ഇന്ധനവില വർധനവിനെ കുറിച്ച് സംസാരിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കു'; രാജ് താക്കറെയെ പരിഹസിച്ച് ആദിത്യ താക്കറെ
text_fieldsമുംബൈ: മേയ് മൂന്നിന് മുമ്പായി മുസ്ലിം പള്ളികളിൽനിന്ന് ഉച്ചഭാഷിണികൾ നീക്കണമെന്ന മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) തലവൻ രാജ് താക്കറെയുടെ മുന്നറിയിപ്പിനെ പരിഹസിച്ച് മന്ത്രി അദിത്യ താക്കറെ. ഉച്ചഭാഷിണികൾ നീക്കുന്നതിനു പകരം രാജ്യത്തെ വിലക്കയറ്റത്തെയും ഇന്ധന വില വർധനവിനെയും കുറിച്ച് സംസാരിക്കാൻ അവ ഉപയോഗിക്കുകയാണെങ്കിൽ നല്ലതാകുമെന്ന് ആദിത്യ പറഞ്ഞു.
ഉച്ചഭാഷിണി നീക്കിയില്ലെങ്കിൽ പള്ളികൾക്കു മുന്നിൽ ഹനുമാൻ ചാലിസ പ്രക്ഷേപണം ചെയ്യാൻ പ്രവർത്തകർക്ക് ഉച്ചഭാഷിണി വിതരണം ചെയ്യുമെന്നായിരുന്നു രാജ് താക്കറെയുടെ ഭീഷണി. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് അമ്മാവൻ കൂടിയായ രാജ് താക്കറെയെ അദ്ദേഹം പരിഹസിച്ചത്.
ഉച്ചഭാഷിണി നീക്കുന്നതിനു പകരം, വർധിച്ചുവരുന്ന വിലക്കയറ്റത്തെ കുറിച്ച് സംസാരിക്കാൻ അത് ഉപയോഗിക്കണം. പെട്രോൾ, ഡീസൽ, ഗ്യാസ് വില വർധനവിനെ കുറിച്ച് സംസാരിക്കണം. 60 വർഷം പിന്നിലോട്ടു പോകാതെ, കഴിഞ്ഞ രണ്ടു മൂന്നു വർഷം രാജ്യത്ത് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് നമുക്ക് സംസാരിക്കാം -ആദിത്യ താക്കറെ പറഞ്ഞു.
രാജ് താക്കറെയുടെ ഉച്ചഭാഷിണി പരാമർശത്തിനു പിന്നാലെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ അന്തരീക്ഷം ചൂടു പിടിച്ചിരിക്കുകയാണ്. വിഷയം സാമൂഹിക പ്രശ്നമാണെന്നും പിന്നോട്ടുപോകില്ലെന്നുമാണ് രാജ് താക്കറെയുടെ നിലപാട്. കൂടാതെ, മുംബൈയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ പള്ളികളിൽ റെയ്ഡ് നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും അവിടെ താമസിക്കുന്നവർ പാകിസ്താനി അനുകൂലികളാണെന്നും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.