ലൗഡ്സ്പീക്കർ ഒരു മതത്തിലും അനിവാര്യതയല്ലെന്ന് ബോംബെ ഹൈകോടതി
text_fieldsമുംബൈ: ലൗഡ് സ്പീക്കർ ഒരു മതത്തിലും അനിവാര്യതയല്ലെന്ന് ബോംബെ ഹൈകോടതി. ശബ്ദം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയുടെ പരാമർശം. ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി നിഷേധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെയും അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
പൊതുതാൽപര്യം മുൻനിർത്തി ലൗഡ്സ്പീക്കറുകൾക്ക് അനുമതി നൽകരുത്. ലൗഡ്സ്പീക്കറുകൾക്ക് അനുമതി നിഷേധിക്കുന്നതിലൂടെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കൾ 19,25 എന്നിവ പ്രകാരമുള്ള അവകാശങ്ങൾ ഒരുതരത്തിലും ലംഘിക്കപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
രണ്ട് ഹൗസിങ് അസോസിയേഷനുകൾ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ബോംബെ ഹൈകോടതി പരാമർശം.
കുർള ഈസ്റ്റിലെ ജാഗോ നെഹ്റു നഗർ റസിഡന്റസ് വെൽഫെയർ അസോസിയേഷൻ, ശിവസൃഷ്ടി കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി അസോസിയേഷൻ എന്നിവരാണ് മസ്ജിദുകളിൽ നിന്നുള്ള ശബ്ദമലിനീകരണത്തിനെതിരെ ഹരജി നൽകിയത്. ഇത് പരിഗണിക്കുന്നതിനിടെയാണ് കോടതിയിൽ നിന്ന് നിർണായക പരാമർശം ഉണ്ടായത്.
ഒരു മതത്തിലും ലൗഡ്സ്പീക്കർ അനിവാര്യതയല്ലെന്ന് ബോംബെ ഹൈകോടതി വ്യക്തമാക്കി. ലൗഡ് സ്പീക്കറിന്റെ പ്രശ്നത്തിൽ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ 38,70,136 വകുപ്പുകൾ പ്രകാരം നടപടിയെടുക്കാവുന്നതാണെന്നും പരിസ്ഥിതി നിയമങ്ങളും ഇതിനായി ഉപയോഗിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ലൗഡ്സ്പീക്കറുകളിൽ നിന്നുള്ള ശബ്ദം പകൽ സമയത്ത് 55 ഡെസിബെല്ലിലും രാത്രിയിൽ 45 ഡെസിബെല്ലിലും കൂടുരുതെന്നും കോടതി ഓർമിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.