യു.ടി. ഖാദർ കർണാടക നിയമസഭ സ്പീക്കർ
text_fieldsബംഗളൂരു: ദക്ഷിണ കന്നഡ മംഗളൂരുവിൽനിന്നുള്ള മലയാളി എം.എൽ.എ യു.ടി. ഖാദർ (53) കർണാടക നിയമസഭ സ്പീക്കറാവും. കോൺഗ്രസിന്റെ സ്പീക്കർ സ്ഥാനാർഥിയായി യു.ടി. ഖാദർ ചൊവ്വാഴ്ച നിയമസഭ സെക്രട്ടറിക്ക് നാമനിർദേശപത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ നേതാക്കൾക്കൊപ്പമെത്തിയാണ് പത്രിക നൽകിയത്. ഇടക്കാല സ്പീക്കറായ ആർ.വി. ദേശ്പാണ്ഡെയുടെ നേതൃത്വത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി എം.എൽ.എമാരുടെ സത്യപ്രതിജ്ഞ അരങ്ങേറി. ബുധനാഴ്ച സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും.
സ്പീക്കർ പദവിയിലെത്തുന്ന ആദ്യ മുസ്‍ലിമാകും യു.ടി. ഖാദർ. സ്പീക്കർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബുധനാഴ്ച കോൺഗ്രസ് നിയമസഭ കക്ഷി യോഗംചേരും. 135 കോൺഗ്രസ് എം.എൽ.എമാരും എസ്.കെ.പി അംഗവും സ്വതന്ത്ര അംഗവും ഉൾപ്പെടെ 137 പേരുള്ള ഭരണപക്ഷ സ്ഥാനാർഥിയായ യു.ടി. ഖാദറിന് വിജയം ഉറപ്പാണ്. ബി.ജെ.പിക്ക് 66ഉം ജെ.ഡി-എസിന് 19ഉം അംഗങ്ങളാണുള്ളത്. ഒരു കെ.ആർ.പി.പി അംഗവും ഒരു സ്വതന്ത്രനുമാണ് മറ്റുള്ളവർ.
കോൺഗ്രസിലെ മുതിർന്ന നേതാക്കളായ ആർ.വി. ദേശ്പാണ്ഡെ, എച്ച്.കെ. പാട്ടീൽ, ടി.ബി. ജയചന്ദ്ര തുടങ്ങിയവരെ സ്പീക്കർ സ്ഥാനത്തിനായി പരിഗണിച്ചിരുന്നെങ്കിലും പദവി ഏറ്റെടുക്കാൻ തയാറായില്ല.
മന്ത്രിപദവി വേണമെന്ന ആവശ്യത്തിൽ അവർ ഉറച്ചതോടെ ഹൈകമാൻഡിന്റെ അഭ്യർഥന മാനിച്ച് യു.ടി. ഖാദർ സന്നദ്ധനാവുകയായിരുന്നു. സ്പീക്കറാവുന്നതിനെ വലിയൊരു അവസരമായി കാണുന്നതായും എല്ലാവരെയും ഒന്നിച്ചുചേർത്ത് ജനസേവനത്തിന് സുതാര്യതയോടെ സഭയെ നയിക്കുമെന്നും യു.ടി. ഖാദർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.