ജമ്മു കശ്മീരിന്‍റെ കേന്ദ്ര ഭരണ പദവി താൽക്കാലികമെന്ന് ഉറപ്പുലഭിച്ചതായി മുഖ്യമന്ത്രി ഉമർ അബ്ദുല്ല
text_fieldsശ്രീനഗർ: ജമ്മു കശ്മീർ കേന്ദ്ര ഭരണപ്രദേശമെന്ന പദവിയിൽ തുടരുന്നത് താൽക്കാലികമായി മാത്രമാണെന്ന് ഉന്നതതലങ്ങളിൽ നിന്ന് ഉറപ്പുലഭിച്ചതായി മുഖ്യമന്ത്രി ഉമർ അബ്ദുല്ല. ശ്രീനഗറിൽ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഭരണപ്രദേശമെന്ന പദവി ഏതെങ്കിലും ഭരണവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് തങ്ങൾക്ക് സുരക്ഷ നൽകുമെന്ന ധാരണ ആർക്കും വേണ്ട. ഈയൊരു സംരക്ഷണം താൽക്കാലികം മാത്രമാണെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്. കശ്മീരിലെ ഹൈബ്രിഡ് ഭരണസംവിധാനത്തെ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി ചൂഷണംചെയ്യാൻ കഴിയുമെന്ന് ചിലർ കരുതുന്നുണ്ടാവാം.
ഡൽഹിയിൽ ചെന്ന് നടത്തിയ കൂടിക്കാഴ്ചകൾ വിജയകരമായിരുന്നു. ജമ്മു കശ്മീരിന്‍റെ സംസ്ഥാനപദവി പുന:സ്ഥാപിച്ചാൽ പിന്നെ ഭരണസംവിധാനത്തെ ചൂഷണം ചെയ്യാനുള്ള മാർഗങ്ങൾ ഇവിടെയുണ്ടാവില്ല. ഉദ്യോഗസ്ഥർ പെരുമാറുമ്പോൾ ഇക്കാര്യം മനസ്സിൽ വെക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ പുതിയ മന്ത്രിസഭ സംസ്ഥാന പദവി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 16ന് പ്രമേയം പാസ്സാക്കിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം പ്രമേയത്തിന് ലെഫ്റ്റനന്‍റ് ഗവർണർ അനുമതി നൽകുകയും ചെയ്തു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് ഒരു രോഗശാന്തി പ്രക്രിയയുടെ തുടക്കമാണെന്നാണ് പ്രമേയത്തിൽ വിശേഷിപ്പിക്കുന്നത്. ഭരണഘടനാപരമായ അവകാശങ്ങൾ വീണ്ടെടുക്കുകയും ജമ്മു കശ്മീരിലെ ജനങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കുകയും ചെയ്യുമെന്നും പ്രമേയം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.