യോഗി ആദിത്യനാഥിന്‍റെ പേരുമായി ബന്ധപ്പെട്ട് പൊതുതാൽപര്യ ഹരജി സമർപ്പിച്ചയാൾക്ക് പിഴ ചുമത്തി കോടതി
text_fieldsലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പേരുമായി ബന്ധപ്പെട്ട് പൊതുതാൽപര്യഹരജി സമർപ്പിച്ച വ്യക്തിക്ക് പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി. 'ആദിത്യനാഥ്', 'യോഗി ആദിത്യനാഥ്' എന്നിങ്ങനെ വ്യത്യസ്ത പേരുകളാണ് മുഖ്യമന്ത്രി പതിവായി ഉപയോഗിക്കുന്നതെന്നും ഇതിലെ യഥാർഥ പേര് മാത്രം ഉപയോഗിക്കാന്‍ നിർദ്ദേശിക്കണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഡൽഹി സ്വദേശിയായ നമഹയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
യോഗി ആദിത്യനാഥ് തന്‍റെ വിവിധ പേരുകളാണ് ഓരോ പരിപാടികൾക്കും ഉപയോഗിക്കുന്നതെന്നും ഇത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതായും ഹരജിയിൽ സൂചിപ്പിച്ചിരുന്നു. ഈ കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി സർക്കാർ പരിപാടികളിലും മറ്റും മുഖ്യമന്ത്രിയുടെ ഒരു പേര് മാത്രം ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡീഷനൽ അഡ്വക്കേറ്റ് ജനറൽ മനീഷ് ഗോയൽ ഹരജിയെ എതിർക്കുകയും ജനങ്ങളുടെ പ്രയോജനത്തെക്കാൾ സ്വയം പരസ്യപ്പെടുത്താനാണ് ഹരജിക്കാരന്‍ ശ്രമിക്കുന്നതെന്ന് വാദിക്കുകയും ചെയ്തു. ഒരു വ്യക്തിക്കെതിരെ പൊതു താൽപര്യ ഹരജി ഫയൽ ചെയാന്‍ കഴിയില്ലെന്നും ഹരജിക്കാരന്‍ ഹൈകോടതി ചട്ടങ്ങൾ പ്രകാരമുള്ള യോഗ്യതാപത്രങ്ങൾ സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരുകക്ഷികളുടെയും വാദത്തിന് ശേഷം ഹരജി തള്ളുന്നതായി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. കൂടാതെ കോടതിയുടെ സമയം നഷ്ടപ്പെടുത്തി വ്യക്തിതാൽപര്യങ്ങൾക്ക് വേണ്ടി ശ്രമിച്ചതിന് ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തുന്നതായും ബെഞ്ച് പറഞ്ഞു. ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ, ജസ്റ്റിസ് പിയൂഷ് അഗർവാൾ എന്നിവരാണ് ഡിവിഷൻ ബെഞ്ചിൽ ഉൾപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.