ഗോരഖ്പുർ: യോഗിയിലൂടെ നീട്ടിയെറിഞ്ഞ് ബി.ജെ.പി
text_fieldsഗോരഖ്പുർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഗോരഖ്പുരിൽ മത്സരിപ്പിക്കുന്നത് വഴി ബി.ജെ.പി ലക്ഷ്യമിടുന്നത് മേഖലയിലെ മറ്റു സീറ്റുകളും. 2017ലെ തെരഞ്ഞെടുപ്പിൽ ആദിത്യനാഥ് നടത്തിയ കൊണ്ടുപിടിച്ച പ്രചാരണമാണ് മേഖലയിൽ ബി.ജെ.പിക്ക് 62ൽ 44 സീറ്റുകൾ നേടിക്കൊടുത്തതെന്നാണ് പാർട്ടി വിലയിരുത്തൽ. പ്രമുഖ നേതാക്കളിൽ പലരും ബി.ജെ.പി വിട്ട സാഹചര്യത്തിൽ പാർട്ടി നേരിടുന്ന പ്രതിസന്ധി മറികടക്കാനും യോഗിയിലൂടെ സാധിക്കുമെന്ന് ബി.ജെ.പി കരുതുന്നു. ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ പ്രശസ്തമായ ഗോരഖ്നാഥ് ക്ഷേത്രത്തിെൻറ മുഖ്യ പൂജാരി എന്ന നിലയിൽ 'മഹാരാജ് ജി' എന്നാണ് യോഗി അറിയപ്പെടുന്നത്. 1998 മുതൽ അഞ്ചു പ്രാവശ്യം ഗോരഖ്പുർ മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധാനം ചെയ്തതും യോഗിയാണ്. 2002ൽ യോഗി സ്ഥാപിച്ച ഹിന്ദു യുവവാഹിനി സംഘടനക്കും പ്രദേശത്ത് വലിയ സ്വാധീനമുണ്ട്. പാർട്ടിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയിൽ അംഗമായ യോഗിയാണ് ഗോരഖ്പുർ മേഖലയിലെ പ്രധാന സ്ഥാനാർഥികളെയെല്ലാം നിശ്ചയിച്ചത്. പാർട്ടിയിൽ ഉണ്ടായിരുന്ന പിന്നാക്ക വിഭാഗം നേതാക്കളായ സ്വാമി പ്രസാദ് മൗര്യ, ദാരാ സിങ് ചൗഹാൻ എന്നിവരുടെ കൊഴിഞ്ഞ്പോക്ക് ബി.ജെ.പിയിൽ വലിയ ആഘാതം സൃഷ്ടിച്ചെങ്കിലും പ്രമുഖ കോൺഗ്രസ് നേതാവ് ആർ.പി.എൻ സിങ്ങിനെ ചാക്കിട്ടുപിടിച്ചതോടെ അത് ഒരു പരിധിവരെ പരിഹരിക്കാനായി.
യു.പിയെ ആറ് മേഖലകളായി തിരിച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പടിഞ്ഞാറൻ യു.പി, ബ്രാജ്, കാൺപുർ-ബുന്ദേൽഖണ്ഡ്, അവധ്, കാശി, ഗോരഖ്പുർ എന്നിങ്ങനെയാണ് വിഭജനം. ഗോരഖ്പുർ മേഖലയിൽ പത്തു ജില്ലകളാണുള്ളത്. ഗോരഖ്പുർ, മഹാരാജ്ഗഞ്ച്, ദേവ്റിയ, കുശിനഗർ, ബസ്തി, സന്ത് കബീർനഗർ, സിദ്ധാർഥ് നഗർ, അഅ്സംഗഢ്, ബല്ലിയ, മാവു എന്നിവയാണ് ജില്ലകൾ.
ജാതി-സമുദായ വോട്ടുകൾ നിർണായകം
2017ലെ തെരഞ്ഞെടുപ്പിൽ എസ്.പി, ബി.എസ്.പി പാർട്ടികൾക്ക് ഗോരഖ്പുർ മേഖലയിൽ ഏഴ് സീറ്റുകൾ വീതമാണ് ലഭിച്ചത്. കോൺഗ്രസിന് കിട്ടിയത് ഒരു സീറ്റ്. ഒരു സ്വതന്ത്രനും വിജയിച്ചു. ബി.ജെ.പിയുടെ മുൻ സഖ്യ കക്ഷിയായ സുഹേൽ ദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി)ഒരു സീറ്റ് നേടിയപ്പോൾ, അപ്നദളും ഒരു സീറ്റിൽ വിജയം കണ്ടു. എസ്.ബി.എസ്.പി ഇത്തവണ സമാജ്വാദി പാർട്ടി സഖ്യത്തിലാണ്.
മേഖലയിലെ വോട്ടർമാരിൽ 52 ശതമാനവും പിന്നാക്കവിഭാഗത്തിൽ വരുന്നവരാണ്. 20 ശതമാനംപേർ പട്ടികജാതിക്കാരും. ബ്രാഹ്മണ-ക്ഷത്രിയ-കായസ്ഥ എന്നീ സവർണജാതിക്കാർക്കും മണ്ഡലത്തിൽ കാര്യമായ സ്വാധീനമുണ്ട്. മാവു, അഅ്സംഗഢ്, പദ്രോണ എന്നീ മണ്ഡലങ്ങളടക്കം 15 ഇടത്ത് മുസ്ലിം വോട്ടുകളും നിർണായകമാണ്. എസ്.പി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, പാർലമെന്റ് മണ്ഡലമായ അഅ്സംഗഢ് വിട്ട് മെയിൻപുരി ജില്ലയിലെ കർഹാലിലാണ് ഇത്തവണ ജനവിധി തേടുന്നത്. പിന്നാക്കക്കാരായ മൗര്യ, കുശ്വാഹ, നോനിയ-ചൗഹാൻ സമുദായങ്ങൾക്കും കാര്യമായ സ്വാധീനമുണ്ട് ഗോരഖ്പുരിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.