1.54 കോടി രൂപയുടെ ആസ്തി, ലക്ഷം വിലമതിക്കുന്ന തോക്കുകൾ, സ്വർണ രുദ്രാക്ഷം; യോഗിയുടെ സ്വത്തുക്കൾ അറിയാം
text_fieldsതെരഞ്ഞെടുപ്പ് നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ളത് തോക്കുകൾ അടക്കമുള്ള സ്വത്തുക്കൾ.
നാമനിർദേശ പത്രികക്കൊപ്പം സത്യവാങ്മൂലത്തിലാണ് യോഗി ആദിത്യനാഥ് സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയത്. 1.54 കോടി രൂപയുടെ ആസ്തിയാണ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ഗോരക്പൂർ അർബൻ മണ്ഡലത്തിൽ ജനവിധി തേടുന്ന യോഗി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം കലക്ടറേറ്റിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
കൈയിലുള്ളതും ബാങ്ക് അക്കൗണ്ടുകളിലുള്ളതുമടക്കം ആകെ 1,54,94,054 കോടി രൂപയാണ് ആസ്തിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ആറ് ബാങ്ക് അക്കൗണ്ടുകൾ സ്വന്തമായുണ്ട്. ഇതോടൊപ്പമാണ് ഒരു ലക്ഷത്തിന്റെ റിവോൾവറും 80,000ത്തിന്റെ റൈഫിളും ഉള്ളത്.
49,000 രൂപ വിലയുള്ള 20 ഗ്രാമിന്റെ കടുക്കൻ, 20,000 രൂപ വിലമതിക്കുന്ന പത്ത് ഗ്രാം സ്വർണത്തിന്റെ രുദ്രാക്ഷമാല എന്നിവയും സ്വന്തമായുണ്ട്. 2020-21 സാമ്പത്തിക വർഷം 13,20,653 രൂപയാണ് വരുമാനം. 15,68,799(2019-20), 18,27,639(2018-19), 14,38,640(2017-18), 8,40,998(2016-17) എന്നിങ്ങനെയാണ് മുൻവർഷങ്ങളിലെ വരുമാനം.
എന്നാൽ, 12,000 രൂപയുടെ സാംസങ് ഫോണാണ് യോഗിയുള്ള കൈയിലുള്ളതെന്നും സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നു. സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത വാഹനമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൃഷിഭൂമിയോ അല്ലാത്ത ഭൂമിയോ ഒന്നുമില്ല. ഇതോടൊപ്പം കടങ്ങളൊന്നുമില്ല. ശാസ്ത്രവിഷയത്തിൽ ബിരുദമെടുത്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അഞ്ചുതവണ ഗോരക്പൂർ എം.പിയായിരുന്ന യോഗി ഇതാദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മാർച്ച് മൂന്നിന് നടക്കുന്ന ആറാംഘട്ടത്തിലാണ് അർബൻ ഗോരക്പൂരിൽ വോട്ടെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.