ആശുപത്രി ബില്ലടക്കാൻ പണമില്ല; മൂന്ന് വയസുകാരനെ വിറ്റ് പിതാവ്, അഞ്ച് പേർ അറസ്റ്റിൽ
text_fieldsലഖ്നോ: യു.പിയിൽ ആശുപത്രി ബില്ലടക്കാൻ പണമില്ലാത്തതിനാൽ മൂന്ന് വയസുകാരനെ വിറ്റ് പിതാവ്. സ്വകാര്യ ആശുപത്രിയിൽ നിന്നും ഭാര്യയേയും നവജാതശിശുവിനേയും ഡിസ്ചാർജ് ചെയ്യുന്നതിന് പണമില്ലാതെ വന്നതോടെയാണ് ഇയാൾ മൂത്ത മകനെ വിൽക്കാൻ നിർബന്ധിതനായത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹാരിഷ് പട്ടേലാണ് നവജാത ശിശുവിനേയും അമ്മയേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യിക്കാനായി മൂന്ന് വയസുകാരനെ വിറ്റത്. അമ്മയേയും നവജാത ശിശുവിനേയും ഡിസ്ചാർജ് ചെയ്യണമെങ്കിൽ ബിൽ തുക പൂർണമായും അടക്കണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. തുടർന്ന് ഇതിനുള്ള പണം കൈയിലില്ലാതിരുന്നതോടെ ഇയാൾ കുട്ടിയെ വിൽക്കുകയായിരുന്നു.
കുട്ടിയെ വിൽക്കാൻ ഇടനില നിന്ന അമരേഷ് യാദവ് ഉൾപ്പടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ വാങ്ങിയ ഭോല യാദവ്, ഭാര്യ കലാവതി വ്യാജ ഡോക്ടർ താര കുശ്‍വാഹ, ആശുപത്രിയിലെ സഹായി സുഗന്തി എന്നിവരെയാണ് പിടികൂടിയത്.
കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തിട്ടുണ്ട്. കുട്ടിയെ ഭദ്രമായി രക്ഷിതാക്കളെ തിരിച്ചേൽപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.