ഡോ. കഫീൽ ഖാന്‍റെ വീട്ടിൽ വീണ്ടും യു.പി പൊലീസ് റെയ്ഡ്
text_fieldsഗോരഖ്പൂർ (ഉത്തർപ്രദേശ്): യോഗി സർക്കാർ കള്ളക്കേസ് ചുമത്തി വേട്ടയാടിയ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാന്‍റെ വീട്ടിൽ വീണ്ടും പൊലീസ് റെയ്ഡ്. തന്‍റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് കഫീൽ ഖാൻ കേരളത്തിൽ പര്യടനം നടത്തവേയാണ് അദ്ദേഹത്തിന്‍റെ ഗോരഖ്പൂരിലെ വീട്ടിൽ ഉത്തർപ്രദേശ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പരിശോധന നടത്തുന്നത്.
പ്രായമായ ഉമ്മയും ബന്ധുവായ സ്ത്രീയും മാത്രമാണ് വീട്ടിലുള്ളത്. ഇവരെ ഭീഷണിപ്പെടുത്തിയാണ് റെയ്ഡ് തുടരുന്നതെന്ന് ഡോ. കഫീൽ ഖാൻ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം കേരളത്തിൽ നടത്തിയ പ്രസംഗങ്ങളിൽ ഉത്തർപ്രദേശിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും തനിക്കെതിരെ നടക്കുന്ന വേട്ടയാടലുകളെ കുറിച്ചും സംസാരിച്ചിരുന്നു. ദേശീയമാധ്യമങ്ങളടക്കം ഇതുവാർത്തയാക്കിയതോടെ പകവീട്ടാനാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നതെന്നാണ് സൂചന.
'എന്റെ പുസ്തകം ആളുകൾക്ക് എത്തിക്കാൻ ഞാൻ കേരളത്തിലാണ്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ നിന്ന് മാറി, കുട്ടികളെ ചികിത്സിക്കുന്ന തിരക്കിലാണ്. 70 വയസ്സുള്ള എന്റെ മാതാവിനെ ഭീഷണിപ്പെടുത്തുന്നത് സഹിക്കാവുന്നതിന് അപ്പുറമാണ്. അവരെ ഭീഷണിപ്പെടുത്തി നിങ്ങൾക്ക് എന്താണ് തെളിയിക്കേണ്ടത്? അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ ചെയ്യണോ? എന്ത് വേണമെങ്കിലും ചെയ്തോളൂ.. പക്ഷേ മാതാവിനോട് കരുണ കാണിക്കൂ, അവർക്കത് താങ്ങാൻ കഴിയില്ല.. ഇത്തിരി മനുഷ്യത്വം ബാക്കിയുണ്ടാവണം സർ..'' വീട് റെയ്ഡ് ചെയ്യുന പൊലീസുകാരുടെ ചിത്രം പങ്കുവെച്ച് ഡോ. കഫീൽഖാൻ ഫേസ്ബുക്കിൽ എഴുതി.
'ദ ഖൊരക്പൂർ ഹോസ്പിറ്റൽ ട്രാജഡി- എ ഡോക്ടേഴ്സ് മെമയിർ ഓഫ് എ ഡെഡ്ലി മെഡിക്കൽ ക്രൈസിസ്' എന്ന തന്‍റെ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ കേരളത്തിലാണ് ഡോ. കഫീൽ ഖാൻ. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം തുടങ്ങി വിവിധ സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിൽ അദ്ദേഹം സംബന്ധിച്ചിരുന്നു. യോഗിയോടോ മോദിയോടൊ അല്ല അവർ പിന്തുടരുന്ന ആർ.എസ്.എസ് ആശയങ്ങളോടാണ് തന്‍റെ എതിർപ്പെന്ന് അദ്ദേഹം എറണാകുളം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ വ്യക്തമാക്കിയിരുന്നു. ആർ.എസ്.എസിന്‍റെ ആശയങ്ങൾ ഭിന്നിപ്പിന്‍റേതും വെറുപ്പിന്‍റേതുമാണ്. ആർ. എസ്. എസ്. മുന്നോട്ടുവെക്കുന്ന ആ ആശയം പിന്തുടരുന്ന ചെറുമത്സ്യങ്ങൾ മാത്രമാണ് നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും. യു.പിയിൽ തോൽവി സാധ്യത തിരിച്ചറിഞ്ഞാണ് യോഗി ഇപ്പോൾ മോദിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ മുഖമാക്കിയത്. തോൽവി ഭയന്ന് സുരക്ഷിതമായ സീറ്റ് തേടി നടക്കുകയാണ് യോഗിയെന്നും കഫീൽ ഖാൻ പരിഹസിച്ചു.
വേട്ടയാടപ്പെട്ട തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും ജീവിതത്തിനൊപ്പം യു.പിയിൽ ജീവവായു കിട്ടാതെ മരിച്ച കുട്ടികളുടെ കുടുംബങ്ങളുടെയും യഥാർഥ ചിത്രമാണ് പുസ്‌തകത്തിൽ. ഓക്സിജൻ കിട്ടാതെ 2017 -ൽ യു. പിയിൽ കൊല്ലപ്പെട്ട 63 കുട്ടികളുടെ കുടുംബങ്ങൾക്കാണ് പുസ്തകം സമർപ്പിച്ചത്. അഞ്ചു വർഷം കഴിഞ്ഞിട്ടും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയായ 20 ലക്ഷം രൂപ വാഗ്ദാനങ്ങളിൽ ഒതുങ്ങി. ഹൈകോടതിയും സുപ്രീംകോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും ഇപ്പോഴും തന്നെ ജോലിയിൽ തിരിച്ചെടുത്തിട്ടില്ല. അതിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിലാണ് ഇപ്പോൾ. പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രസാധകരിൽ മിക്കവരും തയാറായില്ല. മലയാളത്തിലുൾപ്പെടെ മറ്റ് ഭാഷകളിലും വൈകാതെ പുറത്തിറങ്ങുമെന്നും കഫീൽ ഖാൻ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.