ഉത്തർ പ്രദേശിൽ അടുത്ത വർഷം മുതൽ മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭ്യാസം ഹിന്ദിയിലും- യോഗി ആദിത്യനാഥ്
text_fieldsന്യൂഡൽഹി: ഉത്തർ പ്രദേശിൽ മെഡിക്കൽ, എൻജിനീയറിങ് കോഴ്‌സുകളിലെ വിവിധ പാഠപുസ്തകങ്ങൾ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തുമെന്നും അടുത്തവർഷം മുതൽ സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭാസ സ്ഥാപനങ്ങളിലും അത് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെയാണ് യോഗിയുടെ പ്രഖ്യാപനം.
മധ്യപ്രദേശിലെ എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകത്തിന്റെ ഹിന്ദി പതിപ്പ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കിയിരുന്നു. ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്.
മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ഫിസിയോളജി, അനാട്ടമി എന്നീ പുസ്തകങ്ങളുടെ വിവർത്തനം ചെയ്ത പതിപ്പുകൾ 97 ഡോക്ടർമാരുടെ സമിതി ഒമ്പത് മാസത്തോളമെടുത്താണ് തയാറാക്കിയത്. ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളജിൽ നിന്ന് (ജി.എം.സി) ആരംഭിക്കുന്ന പദ്ധതി നിലവിലെ അധ്യയന സെഷനിൽ സർക്കാർ നടത്തുന്ന 13 മെഡിക്കൽ കോളജുകളിലേക്കും വ്യാപിപ്പിക്കും.
വരും ദിവസങ്ങളിൽ കൂടുതൽ പുസ്തകങ്ങൾ വിവർത്തനം ചെയ്യുമെന്നും അതിനുള്ള നടപടികളുടെ മാർഗരേഖ പുറത്തുവിടുമെന്നും ആരോഗ്യ- വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് വ്യക്തമാക്കി.
എം.ബി.ബി.എസ് വിദ്യാർഥികൾക്കുള്ള പാഠപുസ്തകത്തിന്‍റെ ഹിന്ദി പതിപ്പിനെതിരെ രാജ്യത്ത് വിമർശനവും ഉയരുന്നുണ്ട്. ഹിന്ദി പതിപ്പ് നിർബന്ധമാക്കിയാൽ, അത്തരം ഉദ്യോഗാർഥികൾക്ക് മധ്യപ്രദേശിലോ മറ്റ് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലോ മാത്രമേ ജോലി ചെയ്യാൻ കഴിയൂവെന്ന് മധ്യപ്രദേശ് ജൂനിയർ ഡോക്‌ടേഴ്‌സ് അസോസിയേഷൻ (അണ്ടർ ഗ്രാജുവേറ്റ് വിഭാഗം) മുൻ സംസ്ഥാന പ്രസിഡന്റ് ആകാശ് സോണി പറഞ്ഞു.
വിദേശത്ത് പോകുന്നവർക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള അറിവും വൈദഗ്ധ്യവും വർധിപ്പിച്ച് മടങ്ങിയെത്തിയ നിരവധി ഡോക്ടർമാർ മധ്യപ്രദേശിലെ കോളജുകളിലുണ്ടെന്നും അത്തരം അവസരങ്ങൾ നിയന്ത്രിക്കപ്പെടുമെന്നും ഡോ. സോണി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.