യു.പിയിൽ പശുക്കൾക്ക് 515 ആംബുലൻസുകൾ കൂടി; വെറ്ററിനറി ഡോക്ടറുടെ അടിയന്തര സഹായവും
text_fieldsമഥുര: ഗുരുതര രോഗബാധിതരായ പശുക്കൾക്ക് അടിയന്തര ആംബുലൻസ് -ഡോക്ടർ സർവിസ് സേവനമൊരുക്കാൻ ഉത്തർപ്രദേശ് സർക്കാർ. പുതിയ പദ്ധതിയിൽ 515 ആംബുലൻസുകൾ സജ്ജമാണെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ, ഫിഷറീസ് മന്ത്രി ലക്ഷ്മി നാരായൺ ചൗധരി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സേവനം പശുക്കൾക്കായി ലഭ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പദ്ധതിയിൽ 515 ആംബുലൻസുകൾ തയാറാക്കും. 112 അടിയന്തര സേവന നമ്പറിന് സമാനമായി ഗുരുതര രോഗമുള്ള പശുക്കൾക്ക് എളുപ്പത്തിൽ ചികിത്സ ലഭ്യമാക്കുന്നതിനായി ഈ സേവനം വഴിയൊരുക്കും. ആംബുലൻസിൽ ഒരു വെറ്ററിനറി ഡോക്ടറുടെയും രണ്ടു സഹായികളുടെയും സേവനമുണ്ടാകും. ആവശ്യക്കാർക്ക് 15 മുതൽ 20 മിനിട്ടിനുള്ളിൽ സേവനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ഡിസംബർ മുതലാണ് പദ്ധതി നടപ്പിലാക്കുക. പരാതികൾ സ്വീകരിക്കുന്നതിനായി ലഖ്നോവിൽ കോൾ സെന്‍ററും തയാറാക്കും -മന്ത്രി അറിയിച്ചു. ഉയർന്ന ഗുണമേന്മയുള്ള ബീജം, ഭ്രൂണം മാറ്റിവെക്കൽ സാങ്കേതിക വിദ്യ എന്നിവ സംസ്ഥാനത്തെ ബ്രീഡ് ഇംപ്രൂവ്മെന്റ് പരിപാടിക്ക് ഉത്തേജനമാകും. ഭ്രൂണം മാറ്റിവെക്കൽ സാങ്കേതികവിദ്യ സംസ്ഥാനം വിപ്ലവകരമായ മാറ്റം കൊണ്ടുവരും. കുറഞ്ഞ പാൽ തരുന്ന പശുക്കൾ പോലും ഇതിലൂടെ ഉയർന്ന ഗുണമേന്മയുള്ള പാൽ നൽകുമെന്നും മന്ത്രി പറഞ്ഞു.
മഥുര ഉൾപ്പെടെ എട്ടു ജില്ലകളിലാണ് പദ്ധതി ആദ്യം തുടങ്ങുക. പിന്നീട് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.