ലോകത്ത് ഏറ്റവും ശബ്ദമലിനീകരണമുള്ള രണ്ടാമത്തെ നഗരം യു.പിയിൽ
text_fieldsയുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (യു.എൻ.ഇ.പി) അടുത്തിടെ പുറത്തിറക്കിയ 2022ലെ വാർഷിക റിപ്പോർട്ട് പ്രകാരം ഉത്തർപ്രദേശിലെ മൊറാദാബാദ് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത്. മൊറാദാബാദിൽ 114 ഡെസിബെൽ (ഡി.ബി) ശബ്ദമലിനീകരണമാണ് രേഖപ്പെടുത്തിയത്.
ഏറ്റവും ഉയർന്ന ആവൃത്തി ശബ്ദമലിനീകരണം രേഖപ്പെടുത്തി പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയാണ്. 119 ഡി.ബി ശബ്ദമലിനീകരണമാണ് ഇവിടെ രേഖപ്പെടുത്തിയത്. 105 ഡെസിബൽ രേഖപ്പെടുത്തിയ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദാണ് മൂന്നാം സ്ഥാനത്ത്.
ലോകമെമ്പാടുമുള്ള 61 നഗരങ്ങളെ പരാമർശിച്ചു കൊണ്ടുള്ള ശബ്ദമലിനീകരണ റിപ്പോർട്ട് പ്രകാരം പട്ടികയിൽ ഉൾപ്പെട്ട ആദ്യ പതിമൂന്ന് നഗരങ്ങൾ ദക്ഷിണേഷ്യയിൽ നിന്നാണ്. ഇതിൽ തന്നെ അഞ്ചെണ്ണവും ഇന്ത്യയിലാണ്. മൊറാദാബാദിന് പുറമെ ഡൽഹി, കൊൽക്കത്ത, ബംഗാളിലെ അസൻസോൾ, ജയ്പൂർ എന്നിവയാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യൻ നഗരങ്ങൾ. കൊൽക്കത്ത -89 ഡി.ബി, അസൻസോൾ -89 ഡി.ബി, ജയ്പൂർ -84 ഡി.ബി, ഡൽഹി -83 ഡി.ബി എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവ ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ മേഖലയാണ് ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള സ്ഥലങ്ങൾ. പട്ടിക പ്രകാരം യൂറോപ്പും ലാറ്റിനമേരിക്കയുമാണ് ഏറ്റവും ശാന്തമായ പ്രദേശങ്ങൾ.
ലോകത്തിലെ ഏറ്റവും ശാന്തമായ നഗരങ്ങളിൽ ഇർബ്രിഡ് -60 ഡി.ബി, ലിയോൺ -69 ഡി.ബി, മഡ്രിഡ് -69 ഡി.ബി, സ്റ്റോക്ക്ഹോം -70 ഡി.ബി, ബെൽഗ്രേഡ് -70 ഡി.ബി എന്നിങ്ങനെയാണ് ശബ്ദമലിനീകരണ തോത് രേഖപ്പെടുത്തിയിരിക്കുന്നത്.
70 ഡെസിബലിൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഡബ്ല്യു.എച്ച്.ഒ 1999ൽ പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങൾ പ്രകാരം റെസിഡൻഷ്യൽ ഏരിയകൾക്ക് ചുറ്റും 55 ഡി.ബി നിലവാരമാണ് ശുപാർശ ചെയ്യുന്നത്. ട്രാഫിക്, ബിസിനസ് മേഖലകൾക്ക് ഈ പരിധി 70 ഡി.ബി ആണ്.
ഉയർന്ന അളവിലുള്ള ശബ്ദം മനുഷ്യന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും തടസ്സപ്പെടുത്തും. ഉറക്കത്തെ തടസ്സപ്പെടുത്തുന്നതോടൊപ്പം ഈ പ്രദേശങ്ങളിലെ മൃഗങ്ങളുടെ ആശയവിനിമയത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി യു.എൻ.ഇ.പി എക്സിക്യൂട്ടീവ് ഡയറക്ടർ ഇംഗർ ആൻഡേഴ്സൺ പറഞ്ഞു. ശബ്ദമലിനീകരണം കുറക്കുന്നതിന് വൈദ്യുതവൽകരിച്ച ഗതാഗതം മുതൽ ഹരിത ഇടങ്ങൾ പോലുള്ള മാർഗ്ഗങ്ങൾ വരെ നഗരാസൂത്രണത്തിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.