ഉത്തരാഖണ്ഡും ഗോവയും ഇന്ന് മഷിപുരട്ടും
text_fieldsപനാജി/ഡെറാഡൂൺ/ലഖ്നോ: ഉത്തരാഖണ്ഡ്, ഗോവ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്‌ച നടക്കും. ഉത്തർപ്രദേശിലെ രണ്ടാം ഘട്ട പോളിങ്ങും ഇന്നാണ്. ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും ഗോവയിൽ 40 സീറ്റുകളിലേക്കുമാണ് ഒറ്റഘട്ട വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ രണ്ടാം ഘട്ടത്തിൽ 55 മണ്ഡലങ്ങളിലാണ് സ്ഥാനാർഥികൾ ജനവിധി തേടുക.
ഉത്തരാഖണ്ഡിൽ 81 ലക്ഷത്തിലധികം വോട്ടർമാരാണ് 632 സ്ഥാനാർഥികളുടെ വിധി നിർണയിക്കുക. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, മന്ത്രിമാരായ സത്പാൽ മഹാരാജ്, സുബോധ് ഉനിയാൽ, അരവിന്ദ് പാണ്ഡെ, സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ മദൻ കൗശിക്, മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, മുൻ മന്ത്രി യശ്പാൽ ആര്യ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, പ്രതിപക്ഷ നേതാവ് പ്രീതം സിങ് എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 70 സീറ്റിൽ 57 എണ്ണം ബി.ജെ.പി നേടിയിരുന്നു. കോൺഗ്രസ്- 11, സ്വതന്ത്രർ-രണ്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷിനില. കോൺഗ്രസും ബി.ജെ.പിയും മാറിമാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ 70 സീറ്റുകളിലും ആം ആദ്മി പാർട്ടി ശക്തമായ മത്സരം കാഴ്ചവെക്കുന്നത് ഇരുകൂട്ടർക്കും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഗോവയിലെ 40 സീറ്റുകളിലേക്ക് മത്സരിക്കുന്ന 301 സ്ഥാനാർഥികളുടെ വിധിയും തിങ്കളാഴ്‌ച തീരുമാനമാകും.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം മനോഹര്‍ പരീകറിന്റെ മരണത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. അതേസമയം, സീറ്റ് നിഷേധിക്കപ്പെട്ട പരീകറിന്റെ മകന്‍ ഉത്പല്‍ സ്വതന്ത്ര സ്ഥാനാർഥിയാണ്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് (ബി.ജെ.പി), പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത് (കോൺഗ്രസ്), മുൻ മുഖ്യമന്ത്രിമാരായ ചർച്ചിൽ അലെമാവോ (തൃണമൂൽ), രവി നായിക് (ബി.ജെ.പി) എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ. 40 സീറ്റിലും തനിച്ച് മത്സരിക്കുന്ന ബി.ജെ.പി, തനിച്ച് ഭൂരിപക്ഷം നേടുമെന്ന് അവകാശപ്പെടുന്നു.
2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 17 സീറ്റ് നേടിയെങ്കിലും 13 സീറ്റ് നേടിയ ബി.ജെ.പി പ്രാദേശിക പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കുകയായിരുന്നു. ഉത്തർപ്രദേശിൽ രണ്ടാം ഘട്ടത്തിൽ 586 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന യു.പിയിൽ ആദ്യഘട്ടത്തിൽ 58 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നിരുന്നു. രണ്ടാം ഘട്ട വോട്ടിങ് നടക്കുന്ന 55 മണ്ഡലങ്ങളിൽ 38 എണ്ണത്തിലും ബി.ജെ.പിയാണ് കഴിഞ്ഞ തവണ ജയിച്ചത്. 15 എണ്ണം സമാജ്വാദി പാർട്ടി കൈവശവും രണ്ടെണ്ണം കോൺഗ്രസിന്റേതുമാണ്. എസ്.പി നേതാവ് മുഹമ്മദ് അഅ്സം ഖാൻ, ധനമന്ത്രി സുരേഷ് ഖന്ന, യോഗി സർക്കാറിൽ മന്ത്രിയായിരിക്കെ എസ്.പിയിലേക്ക് വന്ന ധരം സിങ് സൈനി ഉൾപ്പെടെ പ്രമുഖർ മത്സരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.