ഉത്തരാഖണ്ഡ് ഹിമപാതത്തിൽ മരിച്ചവരിൽ ദേശീയ റെക്കോഡ് ജേതാവ് സവിത കൻസ്വാളും
text_fieldsഡറാഡൂൺ: ഉത്തരാഖണ്ഡിൽ ഉത്തരകാശി ജില്ലയിലെ ദ്രൗപദി കാ ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ കൊല്ലപ്പെട്ടവരിൽ ദേശീയ റെക്കോഡ് ജേതാവായ പർവതാരോഹക സവിത കൻസ്വാളും. എവറസ്റ്റ്, മക്കാലു കൊടുമുടികൾ 16 ദിവസത്തെ ഇടവേളയിൽ കീഴടക്കിയാണ് 26കാരിയായ സവിത റെക്കോഡ് ജേതാവായത്. ഉത്തരാഖണ്ഡ് അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ടി.പി. സിങ് സവിതയുടെ മരണം സ്ഥിരീകരിച്ചു. നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിലെ (എൻ.ഐ.എം) 34 ട്രെയ്നികളും ഏഴ് പരിശീലകരുമാണ് ചൊവ്വാഴ്ച രാവിലെ 8.45ഓടെയുണ്ടായ ഹിമപാതത്തിൽ അകപ്പെട്ടത്. എൻ.ഐ.എമ്മിലെ പരിശീലകയായിരുന്നു സവിത. മറ്റൊരു പരിശീലകയായ നൗമിയും അപകടത്തിൽ കൊല്ലപ്പെട്ടു. ഇവരുടേതടക്കം പത്ത് മൃതദേഹങ്ങളാണ് ഇതിനകം കണ്ടെടുത്തത്.
27 പേരെ കാണാതായതായാണ് കണക്കാക്കപ്പെടുന്നത്. 11 ട്രെയ്നികളെയും മൂന്ന് പരിശീലകരെയും രക്ഷപ്പെടുത്തിയതായി എൻ.ഐ.എം പ്രിൻസിപ്പൽ കേണൽ അമിത് ബിഷ്ട് പറഞ്ഞു.
ഐ.ടി.ബി.പി ,സൈന്യം തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. രാധേശ്യാം കൻസ്വാൾ, കമലേശ്വരി ദേവി എന്നിവരുടെ മകളായി ലോന്ത്രു ഗ്രാമത്തിൽ ജനിച്ച സവിത കഴിഞ്ഞ മേയ് 12നും 28നുമാണ് എവറസ്റ്റ്, മക്കാലു കൊടുമുടികൾ കീഴടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.