റിസോർട്ട് ജീവനക്കാരിയുടെ മരണം: ബി.ജെ.പി നേതാവിന്റെ മകൻ അറസ്റ്റിൽ
text_fieldsഹരിദ്വാർ: ഉത്തരാഖണ്ഡിൽ റിസോർട്ടിലെ റിസപ്ഷനിസ്റ്റിന്റെ മരണത്തിൽ ബി.ജെ.പിയുടെ മുതിർന്ന നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ഋഷികേശിനടുത്ത് പുൽകിതിന്റെ ഉടമസ്ഥതയിൽ തന്നെയുള്ള റിസോർട്ടിലെ 19 കാരിയായ റിസപ്ഷനിസ്റ്റാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇേദ്ദഹം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിൽ സഹകരിക്കാത്തതിനാൽ പെൺകുട്ടിയുടെ കുടുംബം പുൽകിതിനെ സംശയിച്ചിരുന്നു.
റിസോർട്ടിലെ മറ്റ് രണ്ട് സ്റ്റാഫുകളുടെ സഹായത്തോടെ പുൽകിത് പെൺകുട്ടിയെ കൊന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹത്തിനായി റിസോർട്ടിനു സമീപത്തെ കനാലിലും മറ്റും തിരയുന്നുണ്ട്.
വനന്ത്ര എന്ന ഈ റിസോർട്ട് സ്ഥിതി ചെയ്യുന്ന പ്രദേശം പൊലീസിന്റെ പരിധിയിൽ വരുന്നതല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അശോക് കുമാർ വിശദീകരിച്ചു. അത്തരം പ്രദേശങ്ങളിൽ ലാൻഡ് റവന്യൂ ഉദ്യോഗസ്ഥരാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. അതുപ്രകാരം റിസോർട്ട് ഉടമ തന്നെ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഇന്നലെ ജില്ലാ മജിസ്‌ട്രേറ്റ് കേസ് പൊലീസിന് കൈമാറി, 24 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. റിസോർട്ട് ഉടമയും മറ്റ് രണ്ട് പേരുമാണ് പ്രതികൾ. കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് മേധാവി പറഞ്ഞു. കൗമാരക്കാരിയെ നിർബന്ധിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന് ആരോപണമുയരുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കേസിലെ ആർ.എസ്.എസ്-ബി.ജെ.പി ബന്ധം കാരണം പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്ന് പ്രതിപക്ഷമായ കോൺഗ്രസ് പറഞ്ഞു. സെപ്റ്റംബർ 18 ന് പെൺകുട്ടിയെ കാണാതായിട്ടും 21നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ ഈ ധിക്കാരപരമായ അധികാര ദുർവിനിയോഗം എത്രകാലം തുടരുമെന്നും സംസ്ഥാന കോൺഗ്രസ് വക്താവ് ഗരിമ മെഹ്‌റ ദസൗനി ചോദിച്ചു.
കേസിൽ ആരു ഉൾപ്പെട്ടാലും കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വാഗ്ദാനം ചെയ്തു. 'ഇത് വളരെ സങ്കടകരമായ സംഭവമാണ്, അത്യന്തം ഹീനമായ കുറ്റകൃത്യമാണ്. അറസ്റ്റുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൊലീസ് ചെയ്തു. കടുത്ത നടപടി സ്വീകരിക്കും. കുറ്റവാളി ആരായാലും വെറുതെ വിടില്ല' മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പുൽകിത് ആര്യയെ കൂടാതെ റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. അവർ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.