മിന്നൽ പ്രളയം: അഞ്ചു മൃതദേഹം കൂടി കിട്ടി
text_fieldsഡറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മിന്നൽപ്രളയത്തിൽ മരിച്ചവർ 31 ആയി. ചൊവ്വാഴ്ച അഞ്ചു മൃതദേഹങ്ങൾകൂടി കിട്ടിയതോടെയാണ് മരണം ഉയർന്നത്. ദുരന്തത്തിൽപ്പെട്ട 175 പേരെ കണ്ടെത്താനുണ്ട്. അതേസമയം, വൈദ്യുതി നിലയത്തിെൻറ തുരങ്കത്തിൽ കുടുങ്ങിയ 30 തൊഴിലാളികളെ രക്ഷപ്പെടുത്താൻ തീവ്രശ്രമം തുടരുകയാണ്.
തുരങ്കത്തിൽ കുടുങ്ങിയവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെങ്കിലും അവർ ജീവനോടെയിരിക്കുന്നുണ്ടെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ. കാണാതായവരിൽ മിക്കവരും നാഷനൽ തെർമൽ പവർ കോർപറേഷെൻറ തപോവൻ, ഋഷിഗംഗ വൈദ്യുതി നിലയങ്ങളിലെ തൊഴിലാളികളാണ്.
ഞായറാഴ്ച രാവിലെ നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞതിനെ തുടർന്നുണ്ടയ മിന്നൽ പ്രളയത്തിൽ അളകനന്ദ നദി കരകവിഞ്ഞതോടെയാണ് വ്യാപക നാശനഷ്ടമുണ്ടായത്. നിരവധി വീടുകളും ഒലിച്ചുപോയിരുന്നു. തപോവൻ വൈദ്യുതി നിലയത്തിെൻറ രണ്ടര കിലോ മീറ്റർ നീളമുള്ള തുരങ്കത്തിലാണ് 30 പേർ കുടുങ്ങിയത്. ഇവരെ രക്ഷിക്കാൻ സൈന്യവും ഇന്തോ-തിബത്തൻ അതിർത്തി പൊലീസും (ഐ.ടി.ബി.പി) ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായാണ് ശ്രമം തുടരുന്നത്.
തുരങ്കത്തിലെ ചളിയും കല്ലുകളും നീക്കംചെയ്യുകയാണെന്ന് ഐ.ടി.ബി.പി വക്താവ് വിവേക് കുമാർ പാണ്ഡെ പറഞ്ഞു. തുരങ്കത്തിൽ കുടുങ്ങിയ 12 പേരെ ഞായറാഴ്ച വൈകീട്ട് രക്ഷപ്പെടുത്തിയിരുന്നു. പാലം ഒലിച്ചുപോയതിനെ തുടർന്ന് ഒറ്റപ്പെട്ട ഗ്രാമീണർക്ക് ഹെലികോപ്ടറുകളിൽ സഹായം എത്തിക്കുന്നുണ്ട്. 13 ഗ്രാമങ്ങളിലെ 2500 ഓളം പേർക്ക് റേഷൻ കിറ്റുകൾ വിതരണംചെയ്തു. ചൊവ്വാഴ്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.