ഏക സിവിൽ കോഡ് നടപ്പാക്കാൻ വിദഗ്ധ സമിതിക്ക് രൂപംനൽകി ഉത്തരാഖണ്ഡ് സർക്കാർ
text_fieldsഡെറാഡൂൺ: സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കാൻ സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപീകരിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. എല്ലാ മതവിഭാഗങ്ങൾക്കും ഏകീകൃത രൂപം നൽകുന്നതിനും ദേവഭൂമിയുടെ സംസ്കാരം നിലനിർത്തുന്നതിനുമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മതം, ലിംഗം, ലിംഗഭേദം, എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതുമാണ് ഏകീകൃത സിവിൽ കോഡെന്ന് പുഷ്കർ സിങ് ധാമി അവകാശപ്പെട്ടു. നിലവിൽ വിവിധ മതഗ്രന്ഥങ്ങളാണ് അവരുടെ മതത്തിലെ വ്യക്തിനിയമങ്ങൾ നിയന്ത്രിക്കുന്നത്. ഏകീകൃത നിയമത്തിന്‍റെ ആവശ്യകത സുപ്രീം കോടതിയും പലപ്പോഴായി മുന്നോട്ട് വച്ചിരുന്നു. ഇത് നടപ്പാക്കിയാൽ ഗോവക്ക് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുമെന്ന് ധാമി പറഞ്ഞു.
ഏക സിവിൽ കോഡ് നടപ്പാക്കാനായുള്ള വിശദ രൂപരേഖ തയാറാക്കി വരികയാണെന്ന് കേന്ദ്രസർക്കാറിലെ ഉന്നതവൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പെട്ടെന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട ബിൽ തയാറാക്കുമെന്നും പിന്നീട് ബിൽ പാർലമെന്‍റിൽ പാസാക്കിയതിന് ശേഷം സംസ്ഥാനങ്ങളിലെ സിവിൽ നിയമം കേന്ദ്ര നിയമവുമായി ലയിപ്പിക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിൽ ഏതാനും സംസ്ഥാനങ്ങളിൽ മാത്രമാണ് നിയം നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചത്.
മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലാണ് ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡിനായി സമിതി രൂപീകരിച്ചത്. ഡൽഹി ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, സാമൂഹിക പ്രവർത്തകൻ മനു ഗൗർ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശത്രുഘ്‌നൻ സിങ്, ഡൂൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സുരേഖ ദങ്വവാൾ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.