ഹൽദ്വാനി സംഘർഷം: എൻ.ജി.ഒ പണം മുടക്കിയെന്ന ആരോപണവുമായി ഉത്തരാഖണ്ഡ് പൊലീസ്
text_fieldsഡെറാഡൂൺ: ഹൽദ്വാനി സംഘർഷത്തിനായി എൻ.ജി.ഒ പണം ശേഖരിച്ചുവെന്ന ആരോപണവുമായി ഉത്തരാഖണ്ഡ് പൊലീസ്. ഹൽദ്വാനിയിലെ ബാൻഭൂൽപുരയിലുണ്ടായ സംഘർഷത്തിലാണ് എൻ.ജി.ഒക്ക് പങ്കുണ്ടെന്ന ആരോപണം പൊലീസ് ഉയർത്തിയിരിക്കുന്നത്.
സംഘർഷമുണ്ടായ മേഖലയിൽ ഒരാൾ പണം വിതരണം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് അവകാശവാദം. ഇതിന് പിന്നിൽ ഒരു എൻ.ജി.ഒയാണെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ രജിസ്ട്രേഷൻ നമ്പർ, പാൻ നമ്പർ, അക്കൗണ്ട് നമ്പർ എന്നിവ ആദായ നികുതി വകുപ്പ് അടക്കമുള്ള ഏജൻസികൾക്ക് കൈമാറിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഹൈദരാബാദ് യൂത്ത് കറേജ് എന്ന എൻ.ജി.ഒക്ക് പണം നൽകിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എൻ.ജി.ഒക്ക് ഇനിയാരും പണം നൽകരുതെന്നും പൊലീസ് വ്യക്തമാക്കി. അനധികൃതമായി പണം സ്വീകരിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ഫെബ്രുവരി എട്ടിന് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 74 പേർ അറസ്റ്റിലായിട്ടുണ്ട്. ബുധനാഴ്ച ആറ് പേരെയും പിടികൂടി. ഹൽദ്വാനിയിൽ നടന്ന സംഘർഷങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും 250ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിക്കുകയും ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.