ഉത്തരാഖണ്ഡ്: ആദ്യ ബി.ജെ.പി പട്ടികയിൽ കോൺഗ്രസ് വിട്ടവർക്ക് മുൻഗണന
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുളള ബി.ജെ.പി സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ മുൻഗണന കോൺഗ്രസ് വിട്ടുവന്നവർക്ക്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച 59 പേരുടെ പട്ടികയിലാണ് ഈ മുൻതൂക്കം. 2016ൽ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിനെതിരെ കലാപമുയർത്തിയ നേതാക്കൾ മുതൽ ദിവസങ്ങൾക്കുമുമ്പ് മാത്രം കോൺഗ്രസ് വിട്ടുവന്നവർക്കുവരെ സീറ്റു നൽകിയിട്ടുണ്ട്. സംസ്ഥാന മഹിള കോൺഗ്രസ് മുൻ പ്രസിഡന്റ് സരിത ആര്യ മുതൽ വ്യാഴാഴ്ച സ്ഥാനാർഥിപ്പട്ടിക പുറത്തുവിടുന്നതിന് മണിക്കൂറുകൾക്കുമുമ്പ് മാത്രം ബി.ജെ.പിയിൽ ചേർന്ന ദുർഗേശ്വർ ലാൽവരെ ഇടംനേടിയിട്ടുണ്ട്.
കോൺഗ്രസ് വിട്ട മുൻ മന്ത്രിമാർക്ക് അവരുടെ മണ്ഡലം തന്നെയാണ് നൽകിയിട്ടുള്ളത്. 2017ൽ ബി.ജെ.പിയുടെ സഞ്ജീവ് ആര്യയോട് തോറ്റ നൈനിറ്റാളിലാണ് ഇത്തവണ സരിത ആര്യ മത്സരിക്കുന്നത്. സഞ്ജീവ് ആര്യയാകട്ടെ, തിരിച്ച് കോൺഗ്രസിലെത്തിയിട്ടുമുണ്ട്. തോക്കേന്തി നൃത്തം ചെയ്യുന്ന വിഡിയോ വൈറലായതിനെ തുടർന്ന് വിവാദത്തിലായ ഖാൻപുർ എം.എൽ.എ പ്രണവ് സിങ് ചാമ്പ്യനാണ് കോൺഗ്രസ് വിട്ടെത്തിയിട്ടും സീറ്റ് ലഭിക്കാത്ത പ്രമുഖൻ. എന്നാൽ, അദ്ദേഹത്തിന് പകരം ഭാര്യ കുൻവാരിനി ദേവയാനിക്ക് പകരം സീറ്റ് നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന 11 പേരുടെ പട്ടികയിലും മുൻ കോൺഗ്രസുകാർ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സീറ്റുകളെല്ലാം കോൺഗ്രസ് വിട്ടുവന്നവർ കൊണ്ടുപോകുന്നതിൽ ബി.ജെ.പിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ഇത്തരം തീരുമാനങ്ങൾ പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബൽബീർ ഗുനിയൽ പറഞ്ഞു. 2007 മുതൽ തരാലി മണ്ഡലത്തിൽ സീറ്റിനായി ശ്രമിക്കുന്ന ഗുനിയലിനെ തഴഞ്ഞാണ് കോൺഗ്രസ് വിട്ടെത്തിയ ഭോപാൽ രാം ടാംടക്ക് ബി.ജെ.പി ടിക്കറ്റ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.