കോവിഡ് ഭീഷണിക്കിടയിലും കൻവാർ യാത്ര നടത്താൻ യു.പി; ഒരുക്കങ്ങൾക്ക് നിർദേശവുമായി യോഗി
text_fieldsലഖ്നോ: കോവിഡ് ഭീഷണിക്കിടയിലും കൻവാർ യാത്രയുമായി യു.പി സർക്കാർ മുന്നോട്ട്. ഉത്തരാഖണ്ഡ് യാത്രക്ക് നിരോധനം ഏർപ്പെടുത്തിയപ്പോഴും തീരുമാനത്തിൽ നിന്നും പിന്മാറാൻ യു.പി തയാറായിട്ടില്ല. കൻവാർ തീർഥാടകരെ മാത്രമേ പുണ്യസ്ഥലങ്ങളിൽ അനുവദിക്കുവെന്ന് യു.പി വ്യക്തമാക്കിയിട്ടുണ്ട്. തീർഥാടകരുടെ എണ്ണം പരമാവധി നിയന്ത്രിക്കാൻ കൻവാർ അസോസിയേഷനുകളോട് യു.പി സർക്കാർ നിർദേശിച്ചു.
പടിഞ്ഞാറൻ യു.പിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് സർക്കാറിന്‍റെ തീരുമാനം. ഉത്തരാഖണ്ഡിലേക്ക് തീർഥാടകർ പോകാതിരിക്കാനുള്ള മുൻകരുതലുകൾ അതിർത്തികളിൽ സ്വീകരിക്കും. യാത്രക്കിടെ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുമെന്ന് യു.പി അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു. ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ഹരിദ്വാറിനെ കോവിഡ് ഹോട്ട്സ്പോട്ടാക്കാൻ താൽപര്യമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ഉത്തരാഖണ്ഡ് സർക്കാർ കൻവാർ യാത്ര റദ്ദാക്കിയത്. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കാൻ താൽപര്യമില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജൂലൈ 25 മുതൽ ആഗസ്റ്റ് ആറ് വരെ യാണ് കൻവാർ യാത്ര. മൂന്ന് കോടി പേരെങ്കിലും പശ്ചിമ യു.പിയിലെ തീർഥാടന കേന്ദ്രങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.