റിസോർട്ട് കൊലപാതകം: സർക്കാർ തെളിവ് നശിപ്പിച്ചു; മൃതദേഹം സംസ്കരിക്കാൻ തയാറാകാതെ കുടുംബം
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച് കുടുംബം. സംസ്ഥാന സർക്കാർ കേസിൽ സ്വീകരിക്കുന്ന നടപടികളെ ചോദ്യം ചെയ്തുകൊണ്ടാണ് മൃതദേഹം സംസ്കരിക്കാനോ അന്ത്യകർമങ്ങൾ ചെയ്യാനോ കുടുംബം തയാറാകാത്തത്.
പെൺകുട്ടി ജോലി ചെയ്തിരുന്ന റിസോർട്ട് തകർക്കാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനം തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്ന് കുടുംബം ആരോപിച്ചു. മുതിർന്ന ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടാണത്. പുൽകിത് കേസിൽ പ്രധാന പ്രതിയാണ്. ഈ റിസോർട്ടിൽ വെച്ചാണ് പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നും ആ തെളിവുകൾ ഇല്ലാതാക്കാനാണ് ഉടനടി റിസോർട്ട് പൊളിച്ചു കളഞ്ഞതെന്നും കുടുംബം ആരോപിച്ചു.
മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. നിലവിൽ പുറത്തു വന്ന റിപ്പോർട്ടിൽ പെൺകുട്ടിയുടെത് മുങ്ങിമരണമാണ്. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഋഷികേശിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ശനിയാഴ്ച വൈകീട്ടാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹം സംസ്കരിക്കുന്നതിനു വേണ്ട നടപടികൾ പൂർത്തിയാക്കണമെന്ന് ബന്ധുക്കളെ പറഞ്ഞു മനസിലാക്കാനുള്ള തത്രപ്പാടിലാണ് അധികൃതർ ഇപ്പോൾ.
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്തും റിസോർട്ട് പൊളിച്ചു നീക്കിയതിനെ അപലപിച്ചു. ഇതൊരു ആസൂത്രിത കൊലപാതകമാണ്. അതിന്റെ തെളിവുകൾ നശിപ്പിക്കുന്നതിനായാണ് റിസോർട്ട് ഉടനടി പൊളിച്ചു മാറ്റിയതെന്ന് ജനങ്ങൾ സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റിസോർട്ട് ഉടമ പുൽകിത് ആര്യ, റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, അസിസ്റ്റന്‍റ് മാനേജർ അങ്കിത് ഗുപ്ത എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. റിസോർട്ടിലെത്തുന്ന അതിഥികളുമായി ലൈംഗിക ബന്ധത്തിന് പെൺകുട്ടിയെ ഇവർ നിർബന്ധിച്ചുവെന്നും അത് എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ആരോപണം. കൊലപ്പെടുത്തിയശേഷം മൃതദേഹം കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. മൂവരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സെപ്തംബർ 19നാണ് പെൺകുട്ടിയെ കാണാതാവുന്നത്. നാലു ദിവസത്തിനു ശേഷം റിസോർട്ടിനു സമീപത്തെ കനാലിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹമാണ് ലഭിച്ചത്.
പ്രതിഷേധം ശക്തമാകുകയും കേസിൽ പുൽകിത് അറസ്റ്റിലാകുകയും ചെയ്തതോടെ വിനോദ് ആര്യക്കെതിരെ ബി.ജെ.പി നടപടിയെടുത്തിരുന്നു. കേസ് അന്വേഷിക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കാൻ ഉത്തരവിട്ടിരുന്നു.
കാണാതായ രാത്രി പ്രധാന പാചകക്കാരനെ അങ്കിത കരഞ്ഞുകൊണ്ട് വിളിച്ചിരുന്നതായി റിസോർട്ടിലെ ജീവനക്കാരനായ മൻവീർ സിങ് ചൗഹാൻ വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 18ന് ഉച്ചക്ക് മൂന്നിനാണ് അങ്കിതയെ അവസാനമായി റിസോർട്ടിൽ കണ്ടത്. പിന്നീട് മൂന്നുപേർക്കൊപ്പമാണ് അങ്കിത റിസോർട്ടിൽനിന്ന് പുറത്തു പോയത്. രാത്രി ഒമ്പതിന് സംഘം തിരിച്ചെത്തിയെങ്കിലും അക്കൂട്ടത്തിൽ അങ്കിത ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.