ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാനൊരുങ്ങി ഉത്തരാഖണ്ഡ്
text_fieldsന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാനൊരുങ്ങി ഉത്തരാഖണ്ഡ്. അടുത്തയാഴ്ച ബില്ല് നിയമസഭയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. ബില്ലുമായി ബന്ധപ്പെട്ട കരട് റിപ്പോർട്ട് റിട്ട. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി രണ്ടു ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിക്ക് സമർപ്പിക്കും.
പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ദിപാവലിക്ക് ശേഷം സർക്കാർ നിയമസഭയിൽ പ്രത്യേകയോഗം വിളിച്ചിട്ടുണ്ട്. ലിംഗസമത്വം, സ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിയായിരിക്കും പദ്ധതി നടപ്പിലാക്കുക. അതേസമയം സ്ത്രീകളുടെ വിവാഹപ്രായം 18ൽ
നിന്ന് 21ആക്കി ഉയർത്തണമെന്നതിൽ മാറ്റമുണ്ടാകില്ല. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാ മതങ്ങൾക്കും ബാധകമായ ഒരു നിയമം രൂപീകരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതോടെ ലിവ്-ഇൻ-റിലേഷനുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുമെന്നാണ് റിപ്പോർട്ട്.
ഉത്തരാഖണ്ഡിന് പുറമെ മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
മതം, ലിംഗഭേദം അല്ലെങ്കിൽ ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും ഒരേപോലെ ബാധകമാകുന്ന വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള നിർദേശമാണ് യു.സി.സി. ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.