ഉത്തരാഖണ്ഡിൽ നിർബന്ധ മതംമാറ്റം 10 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റം
text_fieldsഡെറാഡൂൺ: നിർബന്ധിത മതപരിവർത്തനം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി ഉത്തരാഖണ്ഡ് സർക്കാർ. മതപരിവർത്തന വിരുദ്ധ നിയമത്തിൽ ഭേദഗതി വരുത്തിയാണ് ശിക്ഷാ കാലാവധി ഉയർത്തുക. ബുധനാഴ്ച മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഉത്തരാഖണ്ഡ് ഹൈക്കോടതി നൈനിറ്റാളിൽ നിന്ന് ഹൽദ്വാനിയിലേക്ക് മാറ്റുന്നതിനും സർക്കാർ അനുമതി നൽകി.
മതപരിവർത്തന വിരുദ്ധ നിയമത്തിലെ ഭേദഗതികൾ നിയമസഭയിൽ അവതരിപ്പിച്ച് ഉടൻ നിയമനിർമ്മാണം നടത്തുമെന്നും സർക്കാർ അറിയിച്ചു. 2018ലെ ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ നിയമ പ്രകാരം നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനത്തിന് അഞ്ച് വർഷം വരെ തടവ് ശിക്ഷയായിരുന്നു ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോൾ ഭേദഗതി ചെയ്യുന്നത്.
അതേസമയം, ഹൈകോടതി പുതിയ സ്ഥലത്തേക്ക് മാറ്റാനുള്ള നിർദേശത്തിനെതിരെ ഒരു വിഭാഗം അഭിഭാഷകർ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡിന് പുറമേ മതപരിവർത്തന നിരോധന നിയമം കർശനമായി നടപ്പാക്കുന്ന കർണാടകയിൽ ഇന്നലെ ഈ നിയമപ്രകാരം 15 പേർക്കെതിരെ കേസെടുത്തിരുന്നു. ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് നിർബന്ധിച്ച് മതപരിവർത്തനത്തിന് ശ്രമിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് സംഭവം.
പ്രദേശത്തെ ദമ്പതികൾ തമ്മിലുള്ള കലഹത്തിൽ നിന്നാണ് മതംമാറ്റം സംബന്ധിച്ച വിവരം പുറത്തുവന്നത്. ഭാര്യ തന്നെ ക്രിസ്ത്യാനിയാകാൻ നിർബന്ധിക്കുന്നുവെന്നും ഇല്ലെങ്കിൽ ഒപ്പം താമസിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് ഭർത്താവിന്റെ പരാതി. ഹിന്ദു ശിക്കലിഗാര സമുദായത്തിൽ പെട്ട ഇയാൾ ഭാര്യയുടെ നിർബന്ധം തുടർന്നപ്പോൾ സമുദായ നേതാക്കളോട് പരാതി പറയുകയായിരുന്നുവത്രെ.
മതംമാറ്റനീക്കം തടയണമെന്നാവശ്യപ്പെട്ട് സമുദായാംഗങ്ങൾ പൊലീസ് സ്റ്റേഷനുമുന്നിൽ സമരം നടത്തി. സമുദായത്തെ കൂട്ടമായി മതപരിവർത്തനം നടത്താൻ മിഷനറിമാർ ശ്രമിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രദേശവാസിയായ മദൻ ബുഗുഡിയുടെ സഹായം മിഷനറിമാർക്ക് ലഭിക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചു. പൊലീസ് ഇയാൾക്കെതിരെയും മറ്റ് 14 പേർക്കെതിരെയും കേസെടുത്ത് അന്വേഷണം തുടങ്ങി.
കർണാടകയിൽ സെപ്റ്റംബർ 30നാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നത്. നിയമം ക്രിസ്ത്യൻ മത വിശ്വാസികൾക്ക് നേരെ പൊലീസ് പ്രയോഗിക്കുകയാണെന്ന് ആരോപണമുണ്ട് . അടുത്തിടെ ലഘുലേഖ വിതരണം ചെയ്ത സംഭവങ്ങളിൽപോലും നിയമത്തിലെ കടുത്ത വകുപ്പുകൾ ചുമത്തി.
മാണ്ഡ്യ താലൂക്കിലെ കെ.എം. ദൊഡ്ഡിയിലെ ക്രിസ്ത്യൻപള്ളിക്ക് സമീപത്തെ ഭാരതി കോളജ് പരിസരത്ത് ലഘുലേഖകൾ വിതരണം ചെയ്ത അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർഥികൾക്കിടയിൽ മതപരിവർത്തനം ലക്ഷ്യമിട്ട് ക്രിസ്ത്യൻ ആശയങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തെന്നാരോപിച്ച് ഇവരെ ഒരു സംഘം തടഞ്ഞുവെക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഈ നിയമപ്രകാരം കേസെടുത്തു. ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
നിയമം ക്രിസ്ത്യാനികൾക്ക് നേരെയാണ് പ്രയോഗിക്കുകയെന്നും മതസൗഹാർദത്തിന് ഭീഷണിയാകുമെന്നും ബംഗളൂരു ആർച്ച് ബിഷപ് പീറ്റർ മച്ചാഡോ നേരത്തേ പറഞ്ഞിരുന്നു. ക്രിസ്ത്യൻ സംഘടനകളും കോൺഗ്രസും നിയമത്തിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് പടരുന്ന മതപരമായ അസഹിഷ്ണുതക്കും വിവേചനത്തിനും വളം വെക്കുന്നതാണ് നിയമമെന്നാണ് വ്യാപക ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.